പൊൻകുന്നം: അനുജൻ കിണറ്റിലേക്കു വീണപ്പോൾ ഇരുട്ടും കിണറിന്റെ ആഴവുമൊന്നും ജിഷ്ണുവിനു പ്രശ്നമേ ആയില്ല. മനോധൈര്യം വിടാതെ അവൻ കിണറ്റിലേക്ക് ഊർന്നിറങ്ങി അനുജനെ കോരിയെടുത്തു. അഞ്ചു വയസുകാരൻ വിഷ്ണുവിനും ചേട്ടൻ പതിനഞ്ചുകാരൻ ജിഷ്ണുവിനും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷമായി ഇത്. രണ്ടു ദിവസമായി ജിഷ്ണുവിനെത്തേടി അഭിനന്ദന പ്രവാഹമാണ്.
ഇളങ്ങുളം ചെല്ലിമറ്റത്തിൽ ഷിജിയുടെയും അഞ്ജുവിന്റെയും മകനായ വിഷ്ണുവാണു തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ വീണത്. അമ്മയ്ക്കും ചേട്ടനുമൊപ്പം കുടുംബ വീട്ടിൽ പോയി രാത്രി എട്ടരയോടെ മടങ്ങുമ്പോഴായിരുന്നു നടപ്പുവഴിക്കരികിലുള്ള ആൾ മറയില്ലാത്ത കിണറ്റിലേക്കു കാൽ വഴുതി വീണത്.
മുമ്പിൽ കളിപ്പാട്ട ചെണ്ടയിൽ താളമിട്ട് അൽപ്പം മുമ്പിലായിരുന്നു വിഷ്ണു. അയൽവാസി ചെരിയംപ്ലാക്കൽ മോഹനന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണു വീണത്. 20 അടിയോളം ആഴമുള്ള കിണറ്റിൽ പത്തടിയിലേറെ വെള്ളവുമുണ്ടായിരുന്നു. മോഹനന്റെ വീട്ടിൽ ഈ സമയം ആരുമില്ലാതിരുന്നതിനാൽ പരിസരത്തു കനത്ത ഇരുട്ടുമായിരുന്നു.
ജിഷ്ണു ഓടി സ്വന്തം വീട്ടിലെത്തി കയറെടുത്തു കിണറ്റിനരികിലെ റബർമരത്തിൽ കെട്ടി കിണറ്റിലേക്ക് ഊർന്നിറങ്ങി. മുങ്ങിത്താണു പൊങ്ങിയ വിഷ്ണു ഒരു നിമിഷം കിണറ്റിലുണ്ടായിരുന്ന പൈപ്പിൽ പിടിച്ച് ഉയർന്നു നിന്നപ്പോഴേക്കും ചേട്ടന്റെ രക്ഷാകരമെത്തി. ജിഷ്ണുവിന്റെ കരവലയത്തിൽ നിന്ന വിഷ്ണുവിനെ ഇതിനിടെ അലമുറ കേട്ടെത്തിയ അയൽവാസി കണിയാംപാറക്കൽ അനി കിണറ്റിലിറങ്ങി കൈകളിലേന്തി തുഴഞ്ഞുനിന്നു. ഓടിയെത്തിയവർ കെട്ടിയിറക്കിയ കസേരയിലിരുത്തി കുട്ടിയെ കരയ്ക്കെത്തിച്ചു.
കൂലിപ്പണിക്കാരനായ അച്ഛൻ ഷിജി സംഭവം നടക്കുമ്പോൾ ജോലി കഴിഞ്ഞു മടങ്ങിയെത്തിയിട്ടില്ലായിരുന്നു. വിഷ്ണുവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിലെത്തുകയും ചെയ്തു.
പനമറ്റം ഗവൺമെന്റ് എച്ച്എസ്എസിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് വിഷ്ണു. സഹോദരൻ ജിഷ്ണു ഇതേ സ്കൂളിൽ എസ്എസ്എൽസിപഠനം കഴിഞ്ഞു പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയാണ്. ഇനി അപകടത്തിനിടയാകാതിരിക്കാൻ കിണറിനു ചുറ്റുമതിൽ കെട്ടിക്കൊടുക്കുമെന്നു പനമറ്റം സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് അറിയിച്ചു.