വൈക്കം: മറിയപ്പള്ളിയിൽ കാടുപിടിച്ചു കിടന്ന സ്ഥലത്ത് നിന്നു കണ്ടെടുത്ത അസ്ഥികൂടത്തിന്റെ തലയോട്ടിയിൽ ഏതാനും പല്ലുകളില്ലായിരുന്നുവെന്നും വലതു നെറ്റിയിൽ അടിയേറ്റതുപോലെയുള്ള പാടുണ്ടായിരുന്നതായും ജിഷ്ണുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.
ഇക്കാര്യങ്ങളിൽ കുടുംബാംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്കൊന്നും കൃത്യമായ മറുപടി നല്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അസ്ഥികൂടത്തിന്റെ ഡിഎൻഎ പരിശോധന ഫലം ലഭിക്കാതെ പൂർണമായ തോതിൽ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് പോലീസ്.
തങ്ങൾ ഉന്നയിക്കുന്ന സംശയങ്ങളൊക്കെ ഡിഎൻഎ പരിശോധനയിലൂടെ ദുരീകരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ. കേസിന്റെ അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്. ജിഷ്ണു ഉപയോഗിച്ചിരുന്നുവെന്ന് പറയപ്പെടുന്ന രണ്ടാമത്തെ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ ഇതുവരെ പോലീസ് തയാറായിട്ടില്ല.
തന്നെയുമല്ല, സൈബർ സെല്ലിന്റെ സഹായത്തോടെ ഈ ഫോണിൽ നിന്നുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനോ ആരോടാണ് കോട്ടയത്തേക്കുള്ള ബസ് യാത്രയിൽ ജിഷ്ണു ഏറെ നേരം സംസാരിച്ചിരുന്നതെന്നു കണ്ടെത്താനോ പോലീസിന് സാധിച്ചിട്ടില്ല.
ജിഷ്ണുവിനെ പരിചയക്കാരായ ആരോ കോട്ടയത്തിനു വിളിച്ചു വരുത്തി സ്വർണമാല തട്ടിയെടുത്തശേഷം അപായപ്പെടുത്തിയതാകാമെന്ന് ഉറപ്പിച്ചു പറയുകയാണ് കുടുംബാംഗങ്ങൾ. അതേസമയം അസ്ഥികൂടത്തിന്റെ ഡിഎൻഎ പരിശോധന ഫലം ഈ മാസം അവസാനത്തോടെ ലഭിച്ചേക്കും.
മൂന്നാഴ്ചയ്ക്കകം ഡിഎൻഎ പരിശോധനാ ഫലം ലഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കോവിഡ് ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരത്തെ പരിശോധന കേന്ദ്രത്തിൽ പരിശോധകരുടെ എണ്ണം കുറഞ്ഞതും മുന്പത്തെ ചില കേസുകളുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഫലങ്ങൾ നൽകേണ്ടതിനാലുമാണ് കാലതാമസമെന്നാണ് അധികൃതർ പറയുന്നത്.
കേസുമായി ബന്ധപ്പെട്ടു നാൾക്കുനാൾ വർധിച്ചുവരുന്ന ദുരൂഹതകൾ നീക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.