തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഫോറൻസിക് വിഭാഗം നടത്തിയ തെളിവെടുപ്പിൽ വൈസ് പ്രിൻസിപ്പൽ, പിആർഒ എന്നിവരുടെ മുറികൾ, ഹോസ്റ്റൽ ശുചിമുറി എന്നിവിടങ്ങളിൽ രക്തക്കറ കണ്ടെത്തി. സാമ്പിളുകൾ എറണാകുളത്തെ ഫോറൻസിക് ലാബിലേക്ക് അയയ്ക്കും. ഇന്നു മുതൽ കോളജ് തുറന്നു പ്രവർത്തിക്കുന്നതിനാൽ തെളിവുകൾ നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണു പരിശോധന നടന്നത്.
ജിഷ്ണുവിന്റെ രക്തം തന്നെയാണിതെന്നു പരിശോധനാ ഫലത്തിൽ കണ്ടെത്തിയാൽ കേസിൽ നിർണായക തെളിവാകും. അല്ലാത്തപക്ഷം, വിദ്യാർഥികൾക്കുനേരേ മൂന്നാംമുറ ആരോപണം ശക്തമായിരിക്കെ ഇവിടങ്ങളിൽ എങ്ങനെ രക്തക്കറ വന്നുവെന്നതും അന്വേഷണവിധേയമാകും. കോപ്പിയടിച്ചുവെന്ന് ആരോപിക്കപ്പെട്ട ദിവസം വൈസ് പ്രിൻസിപ്പലും അസി. പ്രഫസർ പ്രവീണും ചേർന്നു ജിഷ്ണുവിനെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് അന്വേഷണസംഘം കോടതിയിൽ നല്കിയ റിപ്പോർട്ടിലുണ്ട്.
ജിഷ്ണുവിന്റെ ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ടായിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമുണ്ട്.
പ്രതികൾക്കെതിരേ കൊലപാതക കുറ്റം നിലനിൽക്കുമോയെന്നതു സംബന്ധിച്ച് നിയമോപദേശം തേടാൻ അന്വേഷണസംഘം ഒരുങ്ങുന്നതിനിടെയാണു കേസിൽ നിർണായകമായേക്കാവുന്ന രക്തക്കറ കണ്ടെത്തുന്നത്. അടുത്തദിവസങ്ങളിൽ അന്വേഷണസംഘം കോളജിൽ വീണ്ടും വിശദമായ പരിശോധന നടത്തും.