നാദാപുരം: പാന്പാടി നെഹ്റു കോളജ് എൻജിനീയറിംഗ് വിദ്യാർഥിയായിരിക്കെ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ നിലയിൽ കണ്ടെത്തിയ വളയം പൂവ്വം വയലിലെ ജിഷ്ണു പ്രണ്രോയിയുടെ കേസ് സിബിഐ ഏറ്റെടുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. 2016 ജനുവരി മാസം ആറിനാണ് കോളജ് ഹോസ്റ്റലിലെ കുളിമുറിയിൽ ജിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് അധികൃതരുടെ പീഡനമാണ് മരണകാരണമെന്ന് കുടുംബം ആദ്യംതന്നെ ആരോപണമുന്നയിച്ചിരുന്നു.
ആരോപണം ശരിവയ്ക്കുന്ന തരത്തിൽ കേസന്വേഷണം അട്ടിമറിക്കുന്ന നീക്കങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്നും പലപ്പോഴായി കാണാൻ കഴിഞ്ഞത്. പോസ്റ്റ്മോർട്ടം വരെ അട്ടിമറിച്ച കേസിൽ നിരവധി വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈബ്രാഞ്ചുമാണ് കേസന്വേഷിച്ചത്. കോളജ് ചെയർമാൻ കൃഷ്ണദാസ്,പ്രിൻസിപ്പാൾ ശക്തിവേൽ,അധ്യാപകൻ സി.പി. പ്രവീണ്, തുടങ്ങിയവരെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു.
പ്രധാന പ്രതികൾക്കെല്ലാം മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തതും വിവാദങ്ങൾക്കിടയാക്കി. കേസന്വേഷണം അട്ടിമറിക്കാൻ തുടക്കംമുതൽ തന്നെ ശ്രമം ഉണ്ടായതായും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുമെല്ലാം പ്രക്ഷോഭങ്ങൾ ഉണ്ടായെങ്കിലും ഒന്നും നടന്നില്ല.
ഡിജിപിയെ കാണാൻ ജിഷ്ണുവിന്റെ അമ്മയും അച്ഛനും ബന്ധുക്കളും തിരുവനന്തപുരത്ത് എത്തിയപ്പോൾ ഉണ്ടായ സംഭവ വികാസങ്ങൾ കേരളത്തിൽ ഹർത്താലുൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്കിടയാക്കി. ഇതിനിടയിലാണ് സംസ്ഥാന സർക്കാർ കേസ് സിബിഐയ്ക്ക് വിട്ട് ഉത്തരവിറക്കിയത്. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി സിബിഐക്ക് നാലാഴ്ച്ചത്തെ സമയം അനുവദിച്ചിരുന്നു.
എന്നാലിപ്പോൾ രണ്ട് മാസം പിന്നിട്ടിട്ടും നാളിതുവരെയായി ഒരു മറുപടിയും സിബിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ പറയുന്നു. എന്നാൽ നിതി തേടിയുള്ള പോരാട്ടം തുടുമെന്നുതന്നെയാണ് അശോകൻ പറയുന്നത്.
മകന്റെ നീറുന്ന ഓർമ്മകളുമായി ജീവിക്കുന്ന കുടുംബം വീടിന് മുൻവശത്ത് സ്മാരകം നിർമ്മിക്കുകയാണ്. നിർമ്മാണം അവസാനഘട്ടത്തിലെത്തിയെന്ന് അശോകൻ പറയുന്നു. മകന്റെ ആക്സമികമായ വേർപാടിൽനിന്ന് അമ്മ മഹിജ ഇതുവരെ മോചിതയായിട്ടില്ല. ഏറെ വൈകിയാണെങ്കിലും നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സഹോദരി അവിഷ്ണയുമടങ്ങുന്ന കുടുംബം കഴിയുന്നത്.