കോട്ടയം: മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചെങ്കിൽ മാത്രമേ മരിച്ചയാളെക്കുറിച്ചു കൃതൃമായി മനസിലാക്കി അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കൂവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം വൈക്കം കുടവെച്ചൂരിൽ നിന്നും കാണാതായ ജിഷ്ണുവിന്റെ മാതാപിതാക്കളെ മറിയപ്പള്ളിയിൽ എത്തിച്ചിരുന്നു. തുടർന്ന് അസ്ഥികൂടത്തിൽ നിന്നും ലഭിച്ച ജീൻസ് ജിഷ്ണുവിന്റേതല്ലെന്ന് മാതാവ് ശോഭന സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുന്നത്. ഇന്നലെ ജിഷ്ണുവിന്റെ സുഹൃത്തുക്കളിൽനിന്ന് പോലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു സുഹൃത്തുക്കളെ ചിങ്ങവനം സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.
ജിഷ്ണു പതിവായി പോകാറുണ്ടായിരുന്ന സ്ഥലങ്ങൾ, ഫോണ് വിളിക്കാറുണ്ടായിരുന്ന ആളുകൾ തുടങ്ങിയ വിവരങ്ങളാണ് സുഹൃത്തുക്കളിൽനിന്ന് ശേഖരിച്ചത്. അതേസമയം അസ്ഥികൂടത്തിൽ നിന്നും ലഭിച്ച ജീൻസ്, ഷർട്ട്, ചെരുപ്പ് എന്നിവ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞതായും പോലീസ് പറയുന്നു.
തുടർന്നുള്ള ദിവസങ്ങളിലും ജിഷ്ണുവിന്റെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കും. അസ്ഥികൂടം ജിഷ്ണുവിന്റേതു തന്നെയെന്ന് പോലീസ് ഏറെക്കുറെ ഉറപ്പിച്ചു പറയുന്പോഴും
ജിഷ്ണു ധരിച്ചിരുന്ന സ്വർണമാലയും ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗും അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തു നിന്നോ സമീപ പ്രദേശത്തു നിന്നോ കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണത്തിൽ പോലീസിനെ സംബന്ധിച്ചു വെല്ലുവിളിയായിരിക്കുന്നത്.
ഇതേ സംശയങ്ങൾ തന്നെയാണ് ജിഷ്ണുവിന്റെ കുടുംബാംഗങ്ങളും ഉന്നയിക്കുന്നത്. സംഭവത്തിൽ ഉണ്ടായിരിക്കുന്ന ദുരൂഹതകൾ നീക്കണമെന്നാണ് ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നത്. ചിങ്ങവനം എസ്എച്ച്ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.