നാദാപുരം: ജിഷ്ണു പ്രണോയിയുടെ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം 22 പേരുടെ മൊഴിയെടുത്തു. കൊച്ചിയിൽ നിന്നും നാദാപുരത്ത് എത്തി ക്യാമ്പ് ചെയ്താണ് സിബിഐ സംഘം ജിഷ്ണുവിന്റെ മാതാപിതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്ന് മൊഴിയെടുത്തത്. ജിഷ്ണു പഠിച്ച പേരോട് എംഐഎം ഹയർ സെക്കണ്ടറി സ്കൂളിലും സിബിഐ തെളിവെടുപ്പ് നടത്തി.
ജിഷ്ണുവിന്റെ മൃതദേഹം നേരിൽ കാണുകയും പോസ്റ്റ്മോർട്ടത്തിനുശേഷം ഏറ്റുവാങ്ങുകയും ചെയ്ത നാട്ടുകാർ മൃതദേഹത്തിൽ പലയിടങ്ങളിലായി മുറിവുകൾ കണ്ടുവെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ജിഷ്ണുവിന്റ മൃതദേഹം അവസാനമായി കണ്ട ബന്ധുവും ഡോക്ടറുമായ ജസി സുജിതിന്റെ കുറ്റ്യാടി നരിക്കൂട്ടം ചാലിലെ വീട്ടിലെത്തിയാണ് സംഘം മൊഴിയെടുത്തത്.
ജിഷ്ണുവിന്റെ അമ്മ മഹിജ, അച്ഛൻ അശോകൻ എന്നിവരിൽ നിന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തി അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇതിനിടെ ജിഷ്ണുവിന്റെ പിതാവിന് ലഭിച്ച രണ്ട് ഊമക്കത്തുകൾ അദ്ദേഹം സിബിഐക്ക് കൈമാറി.
കേസ് തെളിയില്ലെന്നും ചിലരുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നും കാണിച്ചാണ് ഊമക്കത്തുകൾ ലഭിച്ചത്. രണ്ട് കത്തുകളും സിബിഐ സംഘം വാങ്ങി. ഒന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയാക്കിയ സിബിഐ അടുത്തഘട്ടത്തിൽ സഹപാഠികൾ, കോളജ് അധികൃതർ തുടങ്ങിയവരിൽ നിന്നും മൊഴിയെടുക്കും.