നാദാപുരം: ജിഷ്ണു പ്രണോയ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
കേരള പോലീസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മഹിജ പറഞ്ഞു. ജിഷ്ണു പ്രണോയ്, ഷഹീർ ഷൗക്കത്തലി കേസുകളിൽ കൃഷ്ണദാസ് അടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പോലീസ് അന്വേഷണത്തിൽ തുടക്കം മുതലുള്ള വീഴ്ച തുറന്നുകാട്ടി കക്ഷിചേരാനാണ് മഹിജ അഭിഭാഷകർക്ക് നിർദേശം നൽകിയത്.
മാനേജ്മെന്റിലെ ഉന്നതർ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നു മഹിജ കരുതുന്നു. ഡിവൈഎസ്പിയും സിഐയും സംഭവസ്ഥലം സന്ദർശിക്കാൻ വൈകിയെന്നതും ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി സീൽചെയ്യാൻ അന്വേഷണ സംഘം തയാറാകാതിരുന്നതുമടക്കം കേരള പോലീസിനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് മഹിജ ഹർജിയിൽ ഉന്നയിക്കുന്നത്. അതേസമയം, ജിഷ്ണു കേസ് ഏറ്റെടുക്കുമോ എന്ന കാര്യം സിബിഐ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.
അമ്മയെ കാണാൻ പാലക്കാട് വരാൻ അനുവദിക്കണമെന്ന കൃഷ്ണദാസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നിലവിൽ കേരളത്തിൽ പ്രവേശിക്കാൻ കൃഷ്ണദാസിനു കോടതിയുടെ വിലക്കുണ്ട്.
ചാലക്കുടിയിലെ രാജീവ് വധക്കേസിൽ പ്രതിയായതിനാൽ ജിഷ്ണു കേസിലെ സ്പെഷൽ പ്രോസക്യൂട്ടർ ഉദയഭാനുവിനെ മാറ്റാൻ പോലീസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കോടതി തീരുമാനങ്ങൾക്ക് അനുസൃതമായി സർക്കാരിനെ വിവരം അറിയിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളജിന്റെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.