വൈക്കം: മറിയപ്പള്ളിയിൽ നിന്നു കണ്ടെത്തിയ അസ്ഥികൂടത്തിനു സമീപത്തും നിന്നു ലഭിച്ച രണ്ടാമത്തെ ഫോണിനെക്കുറിച്ചു ചിങ്ങവനം പോലീസ് മൗനം പാലിക്കുന്നതു വിവാദമാകുന്നു.
വീട്ടിൽ നിന്നു കാണാതായ, വൈക്കം കുടവെച്ചൂർ വെളുത്തേടത്ത് ഹരിദാസിന്റെ മകൻ ജിഷ്ണു ഹരിദാസിന്റെ (23)ന്റെതാണ് അസ്ഥികൂടം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഡിഎൻഎ പരിശോധന ഫലം ലഭിച്ചെങ്കിൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു. അസ്ഥികൂടത്തിനു സമീപത്തു നിന്നു കണ്ടെടുത്ത രണ്ടാമത്തെ മൊബൈൽ ഫോണിനെക്കുറിച്ചു ചിങ്ങവനം പോലിസ് മൗനം പാലിക്കുന്നത് സംശയമുണർത്തുന്നതാണെന്ന് പരാതിയുർന്നിട്ടുണ്ട്.
ഇവിടെ നിന്നു കണ്ടെടുത്ത ഫോണ് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവനാണ് പോലീസിന് കൈമാറിയത്. ഇക്കാര്യങ്ങൾ സംഭവ സ്ഥലത്തുണ്ടായിരുന്ന ഡിവൈഎസ്പിയും സ്ഥിരീകരിച്ചിരുന്നു.
എന്നാൽ ഈ ഫോണിനെക്കുറിച്ചു പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ പോലീസ് വെളിപ്പെടുത്തുന്നില്ലെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.
ഒരു പരിധി വരെ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന ഈ ഫോണിനെ ചുറ്റിപ്പറ്റി കൂടുതൽ അന്വേഷണം നടത്തിയാൽ സംഭവത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാൻ കഴിഞ്ഞേക്കും.
ബന്ധുക്കളുടെ അറിവിൽ ജിഷ്ണുവിനു ഒരു സ്മാർട്ട് ഫോണ് മാത്രമാണുണ്ടായിരുന്നത്. ഈ ഫോണിന്റെ ഒരു ഭാഗം പൊട്ടിയനിലയിലാണ് അസ്ഥികൂടത്തിനു സമീപത്ത് നിന്നു കിട്ടിയത്.
ജൂണ് മൂന്നിന് രാവിലെ കുമരകത്തെ ബാറിന് സമീപത്തുനിന്നു ബസിൽ കയറിയ ജിഷ്ണു ഫീച്ചർ ഫോണിൽ ദീർഘനേരം സംസാരിച്ചിരുന്നതായി കെഎസ്ആർടിസി ബസ് കണ്ടക്ടർ പോലീസിനു മൊഴി നൽകിയിരുന്നു. കുമരകത്തു വച്ചു ജിഷ്ണുവിന്റെ സ്വന്തം ഫോണ് ഓഫായിരുന്നു.
അതേസമയം വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അറിവില്ലാത്ത മറ്റൊരു ഫോണിൽ ജിഷ്ണു സംസാരിച്ചത് ഇപ്പോൾ കണ്ടെത്തിയ രണ്ടാമത്തെ ഫോണിലൂടെയാണെങ്കിൽ തിരോധാനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഫോണ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ ലഭിച്ചേക്കുമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കൾ പറയുന്നു.
മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്ത ഭാഗത്തുനിന്ന് ജിഷ്ണുവിന്റെ മൂന്നര പവന്റെ മാല, യൂണിഫോം, വാട്ടർബോട്ടിലും സൂക്ഷിച്ച ബാഗും പോലീസ് കണ്ടെടുത്തിട്ടില്ല. ഇക്കാര്യങ്ങൾ സംഭവത്തിൽ ദുരൂഹതയും ബന്ധുക്കളുടെ സംശയവും വർധിപ്പിക്കുകയാണ്.