നാദാപുരം: പാന്പാടി നെഹ്റു കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ കേസ് അട്ടിമറിക്കാൻ നേരത്തെ തന്നെ ശ്രമം നടന്നിരുന്നു എന്ന തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണ് മുൻ ഡിജിപി സെൻകുമാറിന്റെ വെളിപ്പെടുത്തലെന്ന് ജിഷ്ണുവിന്റെ പിതാവ് അശോകൻ പറഞ്ഞു.
ജിഷ്ണുവിന്റെതായി ഹാജരാക്കിയ കത്ത് വ്യാജമാണെന്നാണ് സെൻകുമാർ ഇന്നലെ വെളിപ്പെടുത്തിയത്. കത്ത് കണ്ടെത്തിയ അന്നു തന്നെ ഈ കത്ത് ജിഷ്ണുവിന്റെതല്ലെന്നും, അവന്റെ കയ്യക്ഷരമല്ലെന്നും കുടുംബം ആരോപിച്ചിരുന്നു.ഇത് ശരി വെക്കുന്നതാണ് മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ.കേസന്വേഷണത്തിൽ ക്രമക്കേടുണ്ടെന്നും കുടുംബം പരാതി ഉന്നയിച്ചിരുന്നു.
എന്നാൽ കുടുംബത്തിന്റെ വേദന പരിഗണിക്കാത്ത നിലപാട് സ്വീകരിച്ചതിനാൽ കേരളം മുഴുവൻ പൊലീസിനും സർക്കാരിനുമെതിരെ തിരിഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കേസ് സിബിഐക്ക് വിട്ടതിനാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജിഷ്ണുവിന്റെ കുടുംബം