തൃശൂർ: പാന്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നാം പ്രതി വൈസ് പ്രിൻസിപ്പാൾ ശക്തിവേൽ, നാലാം പ്രതിയും അധ്യാപകനുമായ പ്രവീണ്‍ എന്നിവർക്ക് പ്രഥമദൃഷ്ട്യാ നേരിട്ട് പങ്കുണ്ടെന്ന് കോടതി വിലയിരുത്തിയതിനുശേഷമാണ് ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതി തള്ളിയത്.
ജിഷ്ണുവിനെ പീഡിപ്പിക്കുന്നതിനു പ്രതികൾ കുറ്റകരമായ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഇത്തരം ഒരു കേസിൽ ജാമ്യം അനുവദിക്കുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകാനിടയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.
ജിഷ്ണുവിനെതിരായി വ്യാജ കോപ്പിയടിക്കേസ് സൃഷ്ടിക്കൽ, ശാരീരികമായും മാനസികമായി പീഡിപ്പിക്കൽ, കോപ്പിയടിച്ചെന്നു ബലംപ്രയോഗിച്ചു കുറ്റസമ്മതം എഴുതി വാങ്ങൽ എന്നിവയാണു മൂന്നും നാലും പ്രതികൾക്കെതിരായ പ്രധാന ആരോപണങ്ങൾ.
മരണത്തിനു തൊട്ടു മുന്‍പും ജിഷ്ണുവിനെ പീഡിപ്പിച്ചതിനു തെളിവുണ്ടെന്നും ഇടിമുറിയിൽനിന്നു ലഭിച്ച രക്തസാന്പിൾ ജിഷ്ണുവിന്റെ രക്തഗ്രൂപ്പിനു സമാനമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ പരിഗണിച്ചാണു പ്രതികൾക്കു കോടതി ജാമ്യം നിഷേധിച്ചത്.