കണ്ണൂര്‍: രോഗി മരിക്കാന്‍ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് പരാതിയെ തുടർന്ന് എടക്കാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.കണ്ണൂര്‍ ചാല ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ മരിച്ച തളാപ്പ് തിലകില്‍ എ.എം. ജിഷ്ണുദാസിന്റെ കുടുംബമാണ് കണ്ണൂർ ഡിവൈഎസ്പിക്കും എടക്കാട് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുദാസിനെ ആദ്യം പരിശോധന നടത്തിയ ഡോക്ടര്‍ പിത്താശയത്തില്‍ കല്ലുണ്ടെന്നും അത് നീക്കം ചെയ്യണമെന്നും പറഞ്ഞിരുന്നു. പിന്നീട് കല്ലില്ലെന്നും പിത്താശയവുമായി ബന്ധപ്പെട്ട രണ്ട് ട്യൂബുകള്‍ പിണഞ്ഞ് കിടക്കുകയാണെന്നും പിത്തം പോകുന്നില്ലെന്നും ഇതിനായി ശസ്ത്രക്രിയ വേണമെന്നും അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് വൈകുന്നേരം നാലോടെ പണമടച്ച് ശസ്ത്രക്രിയ നടത്തി.
എന്നാല്‍ അതിനുശേഷം കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നുവത്രെ. വയറുവേദന സ്വാഭാവികമായും ഉണ്ടാകുമെന്നും പേടിക്കേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വേദന കുറയാതെ വന്നതോടെ വീണ്ടും ഇക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വേദനസംഹാരി നല്‍കുകയായിരുന്നു. തുടര്‍ന്ന് വയറില്‍ ഗ്യാസ് നിറയുകയും ഛര്‍ദി ശക്തിപ്രാപിക്കുകയും ചെയ്തു.
ഇക്കാര്യം ഡോക്ടറെ അറിയിച്ച ബന്ധുക്കളോട് പിത്തം പുറത്തുപോയ്ക്കോട്ടെയെന്ന് ഡോക്ടര്‍ അറിയിച്ചതായി ജിഷ്ണുദാസിന്റെ ബന്ധുക്കള്‍ പറയുന്നു. ഛര്‍ദിയുടെ മരുന്ന് വീണ്ടും നല്‍കിയതായും കുടുംബക്കാര് പറഞ്ഞു. ഞായറാഴ്ചയോടെ അവശനായ ജിഷ്ണുദാസിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആസിഡ് കൂടിയെന്നും ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ജിഷ്ണുദാസ് മരിച്ചു.
ആരോഗ്യവാനായി നടന്ന് ആശുപത്രിയിലെത്തിയ രോഗി പെട്ടെന്ന് മരിക്കാനിടയാക്കിയത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാണ് പരാതിയിൽ പറയുന്നത്.ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയും ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പരാതി നല്‍കുമെന്നും ജിഷ്ണുദാസിന്റെ ബന്ധുക്കള്‍ അറിയിച്ചു.