വൈക്കം: കുമരകം ബാറിലെ അക്കൗണ്ടന്റായിരുന്ന വൈക്കം കുടവെച്ചൂർ വെളുത്തേടത്ത് ഹരിദാസിന്റെ മകൻ ജിഷ്ണു ഹരിദാസി(23)ന്റെ തിരോധാനത്തിലെ ദുരൂഹത നീക്കുന്നതിനായി നിശ്ചയിച്ച ഡിഎൻഎ പരിശോധന കോവിഡ് വ്യാപനംമൂലം തടസപ്പെട്ടു.
കോട്ടയം മറിയപ്പള്ളിയിൽ നിന്ന് കണ്ടെടുത്ത ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടവും ജിഷ്ണുവിന്റെ മൊബൈൽ ഫോണുമാണ് ശാസ്ത്രിയ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനത്തി്ന്റെ ഫലമായി ലാബുകൾ അടച്ചതോടെ പരിശോധനകൾ തടസപ്പെട്ടതാണ് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
ചിങ്ങവനം പോലീസ് ജിഷ്ണുവിന്റെ സഹോദരൻ വിഷ്ണുവിനെ വിളിച്ചു വരുത്തി കഴിഞ്ഞ ദിവസം വിശദമായ മൊഴിയെടുത്തിരുന്നു. ജിഷ്ണുവിന്റെ അസ്ഥികൂടം കണ്ടെടുത്തതിനു സമീപത്ത് പുരയിടത്തിലെ കാടും പടർപ്പും നീക്കുന്നതിനിടയിൽ ജെസിബി ഓപ്പറേറ്റർക്കാണ് മൊബൈൽ ഫോണ് ലഭിച്ചത്.
ഫോണ് വീട്ടിൽ കൊണ്ടുപോയ ഇയാൾ പിറ്റേന്ന് സ്ഥലത്തെത്തി ശുചീകരണം നടത്തുന്പോഴാണ് മൃതദേഹാവശിഷ്ടം കണ്ടത്. മരിച്ചയാൾക്കു ഫോണുമായി ബന്ധമുണ്ടാകുമെന്ന സംശയത്തിൽ ജെസിബി ഓപ്പറേറ്ററുടെ പക്കലുണ്ടായിരുന്ന ഫോണിന്റെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവനാണ് ഫോണ് പോലീസിനെ ഏൽപിച്ചത്.
ശാസ്ത്രീയപരിശോധന കാത്ത് പോലീസ്
വിഷ്ണുവിന് ഒരു ഫോണ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ജിഷ്ണുവിന്റെ ബന്ധുക്കൾ പറഞ്ഞത് ചിങ്ങവനം പോലീസും ഇപ്പോൾ ശരിവയ്ക്കുകയാണ്. കുമരകത്തെ ബാറിനു മുന്നിൽ നിന്നു ബസിൽ കയറിയ ജിഷ്ണു മൊബൈൽ ഫോണിൽ കോളുകൾ വരുന്നത് തടഞ്ഞശേഷം വാട്ട്സ്ആപ്പിലും മെസഞ്ചറിലും ചാറ്റു ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
ഫോണ് ശാസ്ത്രീയമായി പരിശോധിച്ചു ഫലം വന്ന ശേഷമേ ആരുമായാണ് ജിഷ്ണുബന്ധപ്പെട്ടിരുന്നതെന്ന് വ്യക്തമാകാൻ സാധിക്കുവെന്നാണ് പോലീസ് പറയുന്നത്.ഡിഎൻഎ പരിശോധന ഫലവും ഫോണ് പരിശോധിക്കുന്പോൾ ലഭിക്കുന്ന വിവരങ്ങളും ജിഷ്ണുവിന്റെ തിരോധാനത്തിലെ ദുരൂഹത നീക്കാൻ സഹായിക്കുമെന്നാണ് പോലീസും ജിഷ്ണുവിന്റെ ബന്ധുക്കളും കരുതുന്നത്.
കഴിഞ്ഞ ജൂണ് മൂന്നിന് രാവിലെ കുമരകത്തെ ബാറിലേക്ക് ജോലിക്കു പോയ ജിഷ്ണു ബാറിൽ കയറാതെ കോട്ടയത്തേയ്ക്കുള്ള കെഎസ്ആർടിസി ബസിൽ കയറിപ്പോയെന്നായിരുന്നു പോലീസിനു ലഭിച്ചവിവരം. ബസിൽ കയറിയ ജിഷ്ണു ഫോണിൽ ദീർഘനേരം സംസാരിച്ചതായി ബസ് കണ്ടക്ടറും മൊഴി നൽകിയിരുന്നു.
23 ദിവസങ്ങൾക്കുശേഷം ജിഷ്ണുവിന്റെ അസ്ഥികൂടം കോട്ടയം മറിയപ്പള്ളിയിൽ കണ്ടെത്തിയതായി പോലീസ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പിന്നിട് അസ്ഥികൂടം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ പാനൽ അസ്ഥികൂടാവശിഷ്ടങ്ങൾ 23 വയസുകാരന്റേതാണെന്ന് ഉറപ്പിക്കാനാവുന്നില്ലെന്നും ലഭിച്ച അസ്ഥികൂടാവശിഷ്ടത്തിനു 23 ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നും സംശയം പ്രകടിപ്പിച്ചു.
ഇതിനെ തുടർന്നാണ് ഡിഎൻഎ ടെസ്റ്റ് നടത്താനും മൊബൈൽ ഫോണ് ശാസ്ത്രീയ പരിശോധന നടത്താനും പോലീസ് ലാബിലേക്ക് അയയ്ക്കുകയായിരുന്നു. അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെടുത്ത ഭാഗത്ത് ജിഷ്ണുവിന്റെ മൂന്നര പവന്റെ മാലയോ യൂണിഫോമും വാട്ടർബോട്ടിലും സൂക്ഷിച്ച ബാഗോ ഉണ്ടായിരുന്നില്ല.
ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചശേഷമുള്ള അന്വേഷണത്തിൽ ജിഷ്ണുവിന്റെ തിരോധാനത്തിലെ ദുരൂഹത നീങ്ങുമെന്ന വിശ്വാസത്തിലാണ് ജിഷ്ണുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.