കോട്ടയം: മറിയപ്പള്ളിയിലെ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ സംബന്ധിച്ചുള്ള അവ്യക്തകൾ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു.
അസ്ഥികൂട അവശിഷ്ടങ്ങൾ വൈക്കം കുടവെച്ചൂർ സ്വാമിക്കല്ല വെളുത്തേടത്ത് ചിറയിൽ ജീഷ്ണുവിന്റെതാണെന്ന് പോലീസ് പറയുന്പോഴും ജിഷ്ണുവിന്റെ ബന്ധുക്കൾ ഇതു അംഗീകരിക്കാൻ തയാറായിട്ടില്ല.
നാളുകൾക്കു മുന്പാണ് അസ്ഥികൂട അവശിഷ്ടങ്ങൾ പുരയിടത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്നു തിരുവനന്തപുരത്തെ ലാബിൽ നിന്നും ഡിഎൻഎ പരിശോധന നടത്തിയ അസ്ഥികൂടം ജിഷ്ണുവിന്റെതാണെന്ന് കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ ഈ ഡിഎൻഎ പരിശോധനയിൽ വിശ്വാസമില്ലെന്നും കേരളത്തിനു പുറത്ത് ഡിഎൻഎ പരിശോധന നടത്തണമെന്നുമാണ് വീട്ടുകാർ പറയുന്നത്.
ഇക്കാര്യം ആവശ്യപ്പെട്ടു നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് വീട്ടുകാരുടെ തീരുമാനം. തന്നെയുമല്ല ജോലി കഴിഞ്ഞു വൈകുന്നേരം തിരികെ എത്താമെന്ന് പറഞ്ഞു വീട്ടിൽ നിന്നും ജോലി സ്ഥലമായ കുമരകത്തെ ബാറിലേക്ക് പോയ ജിഷ്ണു അത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്തും ജിഷ്ണുവിന്റെ കൈയ്യിലുണ്ടായിരുന്ന ബാഗും സ്വർണമാലയും കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല.