ചിങ്ങവനം: മറിയപ്പള്ളിയിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം വൈക്കം കുടവെച്ചൂർ വെളുത്തേടത്ത് ചിറയിൽ ജിഷ്ണു ഹരിദാസി(23)ന്റേതാണെന്ന് ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചെങ്കിലും മരണ കാരണം കണ്ടെത്താൻ ഇനിയും ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിക്കണം.
അസ്ഥികൂടത്തിൽ നിന്നും ശേഖരിച്ച ഡിഎൻഎ സാന്പിളും ജിഷ്ണുവിന്റെ അച്ഛനിൽ നിന്നും ശേഖരിച്ച ഡിഎൻഎ സാന്പിളും തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ജൂണ് 26നാണ് മറിയപ്പള്ളി ഇന്ത്യാ പ്രസിന്റെ വർഷങ്ങളായി കാടു പിടിച്ചു കിടന്ന പുരയിടം ജെസിബി ഉപയോഗിച്ച് തെളിക്കുന്നതിനിടെ പുളിമര ചുവട്ടിലായി അസ്ഥികൂടം കണ്ടെത്തിയത്.
തലയോട്ടി ശരീരത്തില മറ്റ് അവശിഷ്ടങ്ങൾക്കരികിൽ നിന്നും അല്പം മാറിയാണ് കിടന്നിരുന്നത്. തൂങ്ങി മരണമാണെന്നുള്ള നിഗമനത്തിലാണ് ആദ്യം മുതൽ പോലീസ്.
മഴ നനഞ്ഞു കിടന്നിരുന്ന അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കം തോന്നിക്കുന്ന നിലയിലായിരുന്നു. അസ്ഥികൂടത്തിന് സമീപത്തു നിന്നും ലഭിച്ച മൊബൈൽ ഫോണിൽ നിന്നുമാണ് അസ്ഥികൂടം ജിഷ്ണുവിന്റേതാണെന്ന് വിവരം ലഭിച്ചത്.
തുടർന്ന് ബന്ധുക്കളെ വിളിച്ചു വരുത്തി. എന്നാൽ ജിഷ്ണുവിന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണ മാലയും ബാഗും കണ്ടെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ എത്തി അവശിഷ്ടങ്ങൾ ജിഷ്ണുവിന്റേത് തന്നെയെന്ന കാര്യത്തിൽ സംശയവും ഉയർത്തിയിരുന്നു.
കുമരകത്തെ ബാറിൽ ജീവനക്കാരനായിരുന്ന ജിഷ്ണുവിനെ ജൂണ് മൂന്നു മുതലാണ് കാണാതാകുന്നത്. രാവിലെ ജോലിക്ക് വീട്ടിൽ നിന്നും പോന്ന ജിഷ്ണുവിനെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണമാരംഭിച്ചു.
തുടർന്ന് രാവിലെ കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസിൽ കയറി പോകുന്നതായി ജോലി ചെയ്തിരുന്ന കുമരകത്തെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിലൊന്നും ജിഷ്ണുവിനെ കണ്ടെത്താനായില്ല.
മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്നാണ് മറിയപ്പള്ളിയിൽ നിന്നും അസ്ഥികൂടം ലഭിച്ചത്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അസ്ഥികൂടത്തിന്റെ ശാസ്ത്രീയമായ പരിശോധനാഫലം ലഭിച്ചശേഷം തുടരന്വേഷണം പൂർത്തിയാക്കുമെന്ന് ചിങ്ങവനം എസ്എച്ച്ഒ ബിൻസ് ജോസഫ് പറഞ്ഞു.
വീണ്ടും ഡിഎൻഎ പരിശോധന
മറിയപ്പള്ളിയിൽ നിന്നും ലഭിച്ച അസ്ഥികൂടം വീണ്ടും ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ജിഷ്ണുവിന്റെ കുടുംബം.
കേസിൽ വീട്ടുകാർക്കു സംശയമുളളവരുടെ പട്ടിക പോലീസിനു നല്കിയിട്ടും ആവശ്യമായ നടപടികൾ പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. നാലു മാസം കഴിഞ്ഞിട്ടും ജിഷ്ണുവിന്റെ ഫോണിലെ വിവരങ്ങൾ കണ്ടെത്താൻ സൈബർ സെല്ലിനു കഴിഞ്ഞിട്ടില്ല. ഇതു ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
ജിഷ്ണുവിന്റെ മൂന്നര പവനോളം വരുന്ന മാല അസ്ഥികൂടത്തിൽ നിന്ന് ലഭിച്ചിട്ടില്ല. തലയോട്ടിയിൽ വലതു ഭാഗത്തെ ഏതാനും പല്ലുകളില്ലായിരുന്നു.
ജിഷ്ണുവിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഇല്ലാത്തതിനാൽ ജിഷ്ണു കൊല ചെയ്യപ്പെട്ടിരിക്കാമെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
നാളെ രാവിലെ ധർണ
ജിഷ്ണുവിന്റെ തിരോധാനത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 11നു പ്രതിഷേധ ധർണ നടത്തും. വെച്ചൂർ കൈപ്പുഴമുട്ട് മുതൽ വൈക്കം നഗരം വരെ 30 കേന്ദ്രങ്ങളിൽ അഞ്ചു പേരെ വീതം പങ്കെടുപ്പിച്ചാണ് ധർണ നടത്തുന്നത്.