വൈക്കം: വൈക്കം വെച്ചൂർ ശാസ്തക്കുളം സ്വദേശിയും കുമരകത്തെ ബാറിലെ ജീവനക്കാരനുമായ ജിഷ്ണുവിന്റേതെന്നു പോലിസ് അവകാശപ്പെടുന്ന മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങില്ലെന്നു ബന്ധുക്കൾ. അന്വേഷണത്തിലെ മെല്ലെപ്പോക്ക് ആരെ സഹായിക്കാനാണെന്നും ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നു.
23 കാരനായ ജിഷ്ണുവിനെ കാണാതായി 23-ാം ദിവസം കഴിഞ്ഞപ്പോഴാണ് കോട്ടയം മറിയപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം ജിഷ്ണുവിന്റേതാണെന്ന് പോലിസ് അറിയിച്ചത്.
പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ പാനൽ മൃതദേഹാവശിഷ്ടത്തിനു കാലപ്പഴക്കം കൂടുതലാണെന്നും 23 കാരന്റേതല്ലെന്നും സംശയം പ്രകടിപ്പിച്ചിരുന്നു.
തിരുവനന്തപുരം ഫോറൻസിക് ലാബിലെ ഡിഎൻഎ പരിശോധനയിൽ മൃതദേഹാവശിഷ്ടം ജിഷ്ണുവിന്റേതാണെന്ന റിപ്പോർട്ട് തങ്ങൾക്കു സ്വീകാര്യമല്ലെന്നും വീണ്ടും ഡിഎൻഎ പരിശോധന നടത്താൻ ഹൈക്കോടതിയെ സമീപിച്ചതായും ബന്ധുക്കൾ പറഞ്ഞു.
ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ജിഷ്ണുണുവിനില്ലാത്തതിനാൽ ഇതു കൊലപാതകമാണെന്ന സംശയത്തിലാണ്. നാലു മാസം കഴിഞ്ഞിട്ടും ജിഷ്ണുവിന്റെ ഫോണിലെ വിവരങ്ങൾ കണ്ടെത്താൻ സൈബർ സെല്ലിനു കഴിഞ്ഞിട്ടില്ല.
മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെടുത്ത സ്ഥലത്തു നിന്നു രണ്ടു ഫോണുകൾ കണ്ടെടുത്തതായി പറയുന്പോഴും പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. ജിഷ്ണുവിന്റെ മൂന്നര പവനോളം വരുന്ന മാല അസ്ഥികൂടത്തിൽ നിന്ന് ലഭിച്ചിട്ടില്ല.
മൃതദേഹാവശിഷ്ടത്തിലെ തലയോട്ടിയിൽ വലതു ഭാഗത്തെ ഏതാനും പല്ലുകളില്ലായിരുന്നു. ഇതൊക്ക ദുരൂഹത വർധിപ്പിച്ചിട്ടും ആ വഴിക്കൊന്നും അന്വേഷണം നടന്നില്ലെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു.