തൃശൂർ: പാമ്പാടി നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനൊപ്പം ചേർന്നു കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി നെഹ്റു കോളജിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണുപ്രണോയിയുടെ അച്ഛൻ.
കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാനാണ് സുധാകരൻ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവിന്റെ അച്ഛൻ അശോകന് ആരോപിച്ചു. വ്യാജ ആത്മഹത്യക്കുറിപ്പ് തയാറാക്കിയതിൽ സുധാകരന് പങ്കുണ്ട്. കെ.സുധാകരനെതിരെ കേസ് എടുക്കണമെന്നും അശോകന് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം കൃഷ്ണദാസിനെതിരെ നിയമവിദ്യാർഥിയായ ഷെഹീർ ഷൗക്കത്തലി നൽകിയ മർദനക്കേസ് പിൻവലിക്കാൻ കെ.സുധാകരൻ നടത്തിയ ഒത്തുതീർപ്പു ചർച്ച പ്രതിഷേധത്തിന് കാരണമായിരുന്നു.
നെഹ്റുഗ്രൂപ്പിന്റെ പ്രതിനിധികളും പരാതിക്കാരന്റെ ബന്ധുക്കളും തമ്മിൽ ചർച്ച നടക്കുന്നതിനിടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. എന്നാൽ ജിഷ്ണു കേസിലല്ല ചര്‍ച്ച നടത്തിയതെന്നും ന്യായമായ മറ്റൊരു കേസിലാണ് ഒത്തു തീര്പ്പിനെത്തിയതെന്നും സുധാകരന് വ്യക്തമാക്കുകയായിരുന്നു.