കോട്ടയം: ജിഷ്ണു മറിയപ്പള്ളിയിലേക്കു പോയത് എന്തിനെന്ന ചോദ്യം ഉത്തരം കിട്ടാതെ തുടരുകയാണ്. ജിഷ്ണു പഠിച്ചതു ചേർത്തലയിലും ജോലി ചെയ്യുന്നതു കുമരകത്തുമാണ്.
ഇയാൾക്കു സുഹൃത്തുക്കളോ പരിചയക്കാരോ മറിയപ്പള്ളിയിൽ ഇല്ലെന്നാണ് ബന്ധുക്കളും കുടുംബാംഗങ്ങളും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ജിഷ്ണു മറിയപ്പള്ളിയിൽ എത്തിയത് എന്തിനാണെന്ന ചോദ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്.
ജിഷ്ണു ജീവനൊടുക്കിയതാണെന്ന് പോലീസ് പറയുന്പോഴും അതിനുള്ള കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീട്ടിൽ നിന്നും ഇറങ്ങി മറയിപ്പള്ളിയിൽ എത്തി ജീവനൊടുക്കാനുണ്ടായ സാഹചര്യവും വ്യക്തമല്ല.
കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും കയ്യിലുണ്ടായിരുന്ന ബാഗും കണ്ടെത്താൻ കഴിയാത്തതും സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.
ജിഷ്ണുവിന്റെ പക്കലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന രണ്ടാമത്തെ ഫോണ് എവിടെയെന്നു കണ്ടെത്താനും പോലീസിനു സാധിച്ചിട്ടില്ല. ഇത്രയും കാര്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങളായി തുടരുകയാണ്.
കഴിഞ്ഞ മൂന്നാം തീയതി മുതലാണു ജിഷ്ണുവിനെ വീട്ടിൽ നിന്നും കാണാതായത്. പതിവു പോലെ കുമരകത്തെ ബാർ ഹോട്ടലിലേക്കു ജോലിയ്ക്കു പോയ ജിഷ്ണു വീട്ടിൽ തിരിച്ചെത്തിയില്ല.
ജിഷ്ണു ഹോട്ടലിൽ എത്താതിരുന്നതോടെ സഹപ്രവർത്തകർ മൂന്നിനു രാത്രിയിൽ വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് ജിഷ്ണുവിനെ കാണാതായ വിവരം വീട്ടുകാർ ഉൾപ്പെടെ അറിയുന്നത്. തുടർന്നു ബന്ധുക്കൾ വൈക്കം പോലീസിൽ പരാതി നല്കുകയായിരുന്നു.
രാവിലെ എട്ടിനു പതിവുപോലെ വീട്ടിൽ നിന്നും സൈക്കിളിൽ 8.15നു ശാസ്തക്കുളത്ത് എത്തി ബസിൽ കയറി അവിടെ നിന്നും ജോലി ചെയ്യുന്ന ബാറിന്റെ മുന്നിൽ ഇറങ്ങിയിരുന്നു.
പീന്നിട് കോട്ടയത്തിനുള്ള മറ്റൊരു ബസിൽ കയറി പോകുന്നതും ബാറിലെ സെക്യൂരിറ്റി ജീവനക്കാര ൻ കണ്ടിരുന്നു. ഒന്പതിനു ഇയാളുടെ ഫോണ് സ്വിച്ച് ഓഫ് ആകുകയും ചെയ്തു.
എന്നാൽ ജിഷ്ണു ബസിൽ വച്ചു മറ്റൊരു ഫോണിലൂടെ ഏറെ നേരം ആരോടോ സംസാരിക്കുന്നതു കണ്ടതായി ബസിലെ കണ്ടക്്ടർ പോലീസിനു മൊഴി നല്കിയിരുന്നു.