കോട്ടയം: അസ്ഥികൂടത്തിൽ കണ്ടെത്തിയ ജീൻസ് ജിഷ്ണുവിന്റേതല്ലെന്ന് വെളിപ്പെടുത്തലുമായി ജിഷ്ണുവിന്റെ അമ്മ രംഗത്തെത്തിയത് കേസ് അന്വേഷണത്തെ ബാധിച്ചേക്കും.
ഇന്നലെ ജിഷ്ണുവിന്റെ പിതാവ് ഹരിദാസ്, മാതാവ് ശോഭന, മറ്റു ബന്ധുക്കൾ എന്നിവരെ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു.
ഈ സമയത്താണ് അസ്ഥികൂടത്തിലുണ്ടായിരുന്ന ജീൻസ് ജിഷ്ണുവിന്റേതല്ലെന്നു മാതാവ് ശോഭന സംശയം പ്രകടിപ്പിച്ചത്. ഇതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചിരിക്കുകയും അന്വേഷണം വഴിമാറിയിരിക്കുകയുമാണ്.
കഴിഞ്ഞ 26നാണ് അസ്ഥികൂടം കണ്ടെത്തിയത്. ജിഷ്ണുവിന്റെ ജീൻസ് പതിവായി അലക്കിയിരുന്നത് താനാണെന്നും അതിനാൽ ജിഷ്ണു ധരിച്ചിരുന്ന ജീൻസിന്റെ നിറത്തിലുള്ളതല്ല അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ ജീൻസെന്നും ശോഭന പറയുന്നു.
അസ്ഥികൂടത്തിലുണ്ടായിരുന്ന ഷർട്ടും സമീപത്തുനിന്നു ലഭിച്ച മൊബൈൽ ഫോണും ജിഷ്ണുവിന്റേതാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. അതേസമയം ഫോണിൽ ഉപയോഗിച്ചിരുന്ന ലോക്ക് പാറ്റേണ് ജിഷ്ണു ഉപയോഗിച്ചിരുന്നതല്ല. ഇതു സുഹൃത്തുക്കൾക്ക് അറിയാമായിരുന്നു.
സ്ക്രീൻ സേവറായി ഉപയോഗിച്ചിരുന്ന ചിത്രവും ബന്ധുവിനൊപ്പമുള്ളതായിരുന്നു. ഇതും മാറ്റിയ നിലയിലാണ് ഫോണ് കണ്ടെത്തിയിരിക്കുന്നത്. മഴയും വെയിലുമേറ്റും മറ്റു കാരണങ്ങളാലും ജീൻസിന്റെ നിറം മങ്ങിയതാകാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
കുമരകത്തുനിന്നു കോട്ടയത്തെത്തിയ ജിഷ്ണു എവിടെയങ്കിലും പോയോ, ആരെയെങ്കിലും കണ്ടോ, കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ഫോണിൽ ആരോടാണ് സംസാരിച്ചത് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ ഉൗർജിതമായ ശ്രമം നടത്തിവരികയാണ് പോലീസ്.
കൊലപാതക സാധ്യതകൾ തള്ളാതെയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊലപ്പെടുത്തിയശേഷം മരത്തിൽ കെട്ടിത്തൂക്കിയതാണെന്ന ആരോപണവും ജിഷ്ണുവിന്റെ ബന്ധുക്കൾ ഉന്നയിച്ചിട്ടുണ്ട്. വൈക്കം, ചിങ്ങവനം സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അസ്ഥികൂടത്തിന്റെ ഡിഎൻഎ പരിശോധനയ്ക്കായി കഴിഞ്ഞദിവസം ശേഖരിച്ച സാന്പിളുകൾ ഇന്നലെയാണു തിരുവനന്തപുരം ഫോറൻസിക് ലാബിലെത്തിച്ചത്. അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനുശേഷം പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
20 ദിവസം വരെ കഴിഞ്ഞാണു ഫലം ലഭിക്കുക. ഫലം വേഗത്തിലാക്കാൻ ശ്രമിക്കുന്നതായും ചിങ്ങവനം എസ് എച്ച്ഒ ബിൻസ് ജോസഫ് പറഞ്ഞു. സംഭവത്തിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും പരാതി നല്കിയിട്ടുണ്ട്.