വൈക്കം: യുവാവിന്റെ തിരോധാനത്തിലെ പിന്നിലെ ദുരൂഹത കണ്ടെത്താനുള്ള ശാസ്ത്രീയ നിഗമനങ്ങൾക്കായുള്ള കാത്തിരിപ്പ് നീളുന്നു. വെച്ചൂർ ശാസ്തക്കുളം ശാരിക ഭവനിൽ ഹരിദാസിന്റെ മകനും കുമരകത്തെ ബാറിലെ ജീവനക്കാരനുമായിരുന്ന ജിഷ്ണുവി(23)നെ കാണാതായി മൂന്നു മാസം പിന്നിടുന്പോഴും കൃത്യമായ ഉത്തരമില്ലാതെ പോലീസുകാരും.
ഇതിൽ പ്രതിക്ഷേധം ശക്തമാകുന്നു. കോട്ടയം മറിയപ്പള്ളിയിൽ മരക്കൊന്പിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയ ജിഷ്ണുവിന്റേതെന്ന് പോലിസ് സംശയിക്കുന്ന മൃതദേഹാവശിഷ്ടത്തിന്റെ ഡിഎൻഎ പരിശോധന ഫലവും ഫോണുമായി ബന്ധപ്പെട്ട സൈബർസെല്ലിൽ നിന്നുള്ള റിപ്പോർട്ടും രണ്ടര മാസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല.
21 ദിവസത്തിനകം ഡിഎൻഎ പരിശോധന സ്ഥലം ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ജിഷ്ണുവിന്റെ ഫോണ് കോളുകളും വാട്ട്സ് ആപ്പ് മെസേജുകൾ സംബന്ധിച്ച വിവരങ്ങളുടെ റിപ്പോർട്ട് സൈബർസെൽ ലഭ്യമാക്കിയിരുന്നെങ്കിൽ ജിഷ്ണുണുവിന്റെ തിരോധാനത്തിലെ ദുരൂഹത നീങ്ങുമായിരുന്നു.
കോട്ടയത്തിന് എന്തിന് പോയി?
കഴിഞ്ഞ ജൂണ് മൂന്നിനാണ് ജിഷ്ണുവിനെ കാണാതാവുന്നത്. രാവിലെ എട്ടിനു വീട്ടിൽ നിന്ന് ജിഷ്ണു ജോലി ചെയ്യുന്ന കുമരകത്തെ ബാറിലേയ്ക്ക് പോയി. 8.45ന് ബാറിലെത്തിയ ജിഷ്ണു 9.15ന് കെഎആർടിസി ബസിൽ കോട്ടയത്തേക്ക് പോയതായി ബസ് കണ്ടക്ടർ പോലീസിനു മൊഴി നൽകിയിരുന്നു.
പിന്നീട് കാണാതായ ജിഷ്ണുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മറിയ പള്ളിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയതായി പോലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം മൃതദേഹത്തിന്റെ കാലപ്പഴക്കത്തെക്കുറിച്ചു സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഡിഎൻഎ ടെസ്റ്റിനായി മാതാപിതാക്കളിൽ നിന്നു സാന്പിൾ ശേഖരിച്ചിരുന്നു.
യുവാവിനെ കാണാതായി മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം ഫലപ്രദമായി നടത്തുന്നതിൽ പോലിസ് നിസംഗത കാട്ടുന്നതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.