വൈക്കം: കുടവെച്ചൂർ സ്വദേശി ജിഷ്ണു ഹരിദാസിന്റെ തിരോധാനത്തിൽ അന്വേഷണം ഉൗർജിതമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭം ശക്തമാക്കുന്നു.
നാലു മാസം മുന്പ് കാണാതായ ജിഷ്ണുവിന്റേതായി സംശയിക്കുന്ന മൃതദേഹാവശിഷ്ടം കോട്ടയം മറിയപള്ളിയിൽ നിന്നും പോലിസ് കണ്ടെടുത്തെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പാനൽ മൃതദേഹാവശിഷ്ടത്തിന്റെ പഴക്കത്തിലും പ്രായത്തിലും സംശയം പ്രകടിപ്പിച്ചതോടെ ഡിഎൻഎ പരിശോധനയ്ക്ക് നിർദേശിക്കുകയായിരുന്നു.
ഡിഎൻഎ പരിശോധനാ ഫലമോ ജിഷ്ണുവിന്റെ ഫോണുമായി ബന്ധപ്പെട്ട സൈബർ സെൽ റിപ്പോർട്ടോ രണ്ടു മാസം പിന്നിട്ടിട്ടും ലഭിക്കാത്തതിനാൽ കേസ് അന്വേഷണം വഴിമുട്ടി. 21 ദിവസങ്ങൾക്കകം ഡിഎൻഎ പരിശോധനാ ഫലം നൽകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ലാബിൽ പരിശോധകർ കുറഞ്ഞതോടെ പരിശോധനകളുടെ താളം തെറ്റുകയായിരുന്നു. ഡിഎൻഎ പരിശോധന ഫലം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗണ്സിൽ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനുള്ള ഒരുക്കത്തിലാണ്.
ബിജെപി, വിരമിച്ച ജീവനക്കാരുടെ സംഘടനയുമടക്കം ഇതിനകംപ്രക്ഷോഭങ്ങൾ നടത്തി. കേസിന്റെ അന്വേഷണം ഉൗർജിതപ്പെടുത്താൻ സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടൽ നടത്തിവരികയാണെന്നും കോണ്ഗ്രസ് പ്രഖ്യാപിച്ച പോലിസ് സ്റ്റേഷൻ മാർച്ച് രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎം വെച്ചൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി ആരോപിച്ചു.