നാദാപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി പാന്പാടി നെഹ്റു കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ രംഗത്ത്. മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തടക്കം പുറത്തുവിട്ടുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയത്്. മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മൂന്ന് തവണ കത്തയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് മഹിജ കത്തില്‍ പറയുന്നു. മുഖ്യമന്ത്രി നെഹ്റു കോളേജിനെക്കുറിച്ച് പരാമര്‍ശിക്കാത്തതില്‍ ദുഃഖമുണ്ടെന്നും മരണം നടന്ന് ഇത്ര ദിവസമായിട്ടും മുഖ്യമന്ത്രി അന്വേഷിച്ചില്ലെന്നും മഹിജ പറയുന്നു. മുഖ്യമന്ത്രി ഇന്നലെയും ഇന്നുരാവിലെയും ജില്ലയില്‍ ഉണ്ടായിട്ടും ജിഷ്ണുവിന്റെ വീട്ടില്‍ എത്താത്തതാണ് ഇവരുടെ പ്രതിഷേധത്തിനിടയാക്കിയതെന്ന് കരുതുന്നു.
മരണകിടക്കയില്‍ കിടന്ന തന്നെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി എത്തുമെന്ന് കരുതിയെന്നും കത്തിലുണ്ട്. പിണറായി മുഖ്യമന്ത്രിയാകുന്നതില്‍ അഭിമാനിച്ച തങ്ങളെ നിരാശപ്പെടുത്തരുതെന്നും ഇതൊരു പഴയ എസ്എഫ്ഐക്കാരിയുടെ വേദനയായി കാണണമെന്നും കത്തിലുണ്ട്.
സഖാവ് കോടിയേരി ബാലകൃഷ്ണന് പ്രസംഗിച്ച വേദിയിലേക്ക് ബോംബേറ് ഉണ്ടായപ്പോള്‍ നിമിഷങ്ങള്‍ വൈകാതെ അങ്ങയുടെ പ്രതിഷേധം ഫെയ്സ് ബുക്ക് പേജില്‍ കുറിച്ചതായി എന്റെ മകന്റെ സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടു.
ഇന്ന് എന്റെ മകനെ ഇല്ലാതാക്കിയിട്ട് 23 ദിവസമായി. ഒന്ന് എന്നെ ഫോണില്‍ വിളിക്കുകയോ അങ്ങയുടെ ഫെയ്സ് ബുക്ക് പേജില്‍ പോലും ഒരു അനുശോനന കുറിപ്പ് രേഖപ്പെടുത്തിയില്ല എന്ന് അറിയുന്നതില്‍ എനിക്ക് സങ്കടമുണ്ട്. അങ്ങ് ജിഷ്ണു പ്രണോയിയുടെ ഫെയ്സ് ബുക്ക് പേജ് ഒന്ന് കാണണം. അവന്റെ ഇഷ്ടപ്പെട്ട നേതാവ് ചെഗുവേരക്കൊപ്പം പിണറായി വിജയനായിരുന്നുന്നും കത്തില്‍ പറയുന്നു.കത്ത് ദൃശ്യമാധ്യമങ്ങളില്‍ കൂടി പുറത്തായതോടെ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. എന്നാല്‍ മുഖ്യമന്ത്രി കത്തിനോട് പ്രതികരിക്കാന്‍ തയ്യറായില്ല.