അവന് അത്രയേറെ ഇഷ്ടമായിരുന്നു, ആ തൂവെള്ളക്കൊടിയും അതിലെ രക്ത നക്ഷത്രവും! അവന്റെ പഠന മുറിയില്‍ പോലും അത് പ്രകടവുമായിരുന്നു; എസ്എഫ്‌ഐയ്ക്ക് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ കത്ത്

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ കത്ത്. ഞാന്‍ നിങ്ങളുടെ ജിഷ്ണു പ്രണോയിയുടെ അമ്മയാണ്. ഇപ്പോള്‍ നിങ്ങള്‍ എല്ലാവരുടേയും അമ്മ എന്ന് തുടങ്ങുന്ന കത്തില്‍ ജിഷ്ണു പ്രണോയ്ക്ക് എസ്.എഫ്.ഐയോട് ഉണ്ടായിരുന്ന സ്നേഹത്തെ പറ്റിയാണ് എഴുതിയിരിക്കുന്നത്. അവന് അത്രയേറെ ഇഷ്ടമാണ് നമ്മുടെ തൂവെള്ളക്കൊടിയും അതിലെ രക്തനക്ഷത്രത്തേയും. അവന്റെ പഠനമുറിയില്‍ നിറയെ പോരാട്ടത്തിന്റെ വാക്കുകളും ചെഗുവേരയുടെ ചിത്രങ്ങളുമാണ്. കത്തില്‍ അമ്മ മഹിജ എഴുതുന്നു.

ജിഷ്ണു പ്രണോയി കൊളുത്തിയ സമരം എസ്.എഫ്.ഐ ഏറ്റെടുത്തെന്നും, കേരളത്തിലെ സ്വാശ്രയ കച്ചവടക്കാര്‍ വിറച്ചെന്നും എഴുതുന്ന മഹിജ, നീതിക്ക് വേണ്ടി പോരാടിയ എസ്.എഫ്.ഐ നേതാക്കളായ വിജിന്‍, ജെയ്ക്ക് എന്നിവര്‍ക്ക് നന്ദിയും കത്തിലൂടെ പറയുന്നുണ്ട്. ഒരിക്കല്‍ കൂടെ വിപ്ലാവാഭിവാദ്യങ്ങള്‍ നേരുന്നു ഒരു പഴയ എസ്.എഫ്.ഐക്കാരി അഭിമാനത്തോടെ എന്ന് പറഞ്ഞാണ് മഹിജ കത്ത് അവസാനിപ്പിക്കുന്നത്.

പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയി കോളജ് അധികാരികളുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നെഹ്റു കോളേജ് അടിച്ച് തകര്‍ത്തിരുന്നു. എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗമായ നിതീഷ് നാരായണനാണ് കത്ത് ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related posts