തിരുവില്വാമല: പാന്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പാന്പാടി എഐടിയുസി യൂണിയൻ ഓഫീസിനു സമീപം റോഡരികിൽ എസ്എഫ്ഐ സ്ഥാപിച്ചിരുന്ന സ്മൃതിമണ്ഡപം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുനീക്കി. ഇന്നു പുലർച്ചെയാണ് പിഡബ്ല്യു അധികൃതർ സ്തൂപം പൊളിച്ചുമാറ്റിയത്.
സംഘർഷസാധ്യത കണക്കിലെടുത്ത് തലപ്പിള്ളി തഹസിൽദാർ ഇ.എൻ.രാജു, ചേലക്കര സിഐ വിജയകുമാരൻ, പഴയന്നൂർ എസ്ഐ മഹേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം പാന്പാടിയിൽ ക്യാന്പ് ചെയ്യുന്നുണ്ട്. എഐടിയുസി ഓഫീസിനു സമീപം സ്തൂപം പണികഴിച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇതിനെതിരെ പാന്പാടി സ്വദേശി കൃഷ്ണൻകുട്ടിയാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിട്ടിട്ടും പൊളിച്ചുമാറ്റൽ നടന്നില്ല. ഇതിനെതിരെ കൃഷ്ണൻകുട്ടി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.സ്തൂപം നിർമാണത്തിൽ ആരംഭത്തിൽതന്നെ എഐടിയുസി പ്രവർത്തകർ പരാതിയുമായി രംഗത്തുവന്നിരുന്നു.
പരാതിയെ തുടർന്ന് എഐടിയുസി ഓഫീസിനു സമീപം പെരുങ്ങോട്ടുകുറിശി റോഡരികിൽ പൊതുസ്ഥലത്ത് നടത്തിയ സ്തൂപം നിർമാണം പോലീസ് തടഞ്ഞിരുന്നു. സംഘർഷമുണ്ടാകുമെന്നറിഞ്ഞിട്ടും സ്തൂപം നിർമാണമാരംഭിച്ചതിന് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരായ അന്പതോളം പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
സിപിഎം, സിപിഐ പ്രവർത്തകർ തമ്മിൽ അസ്വാരസ്യം നിലനിൽക്കുന്ന മേഖലയാണ് പാന്പാടി. സംഘർഷസാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.