തൃശൂർ: പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയി ജീവനൊടുക്കിയതെന്നു സിബിഐ. രണ്ടു പേർക്കെതിരേ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, സി.പി. പ്രവീണ്‍ എന്നിർക്കെതിരേയാണ് ആത്മഹത്യ പ്രേരണാകുറ്റം. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ കേസിൽനിന്ന് ഒഴിവാക്കി.
2017 ജനുവരി ആറിനാണു കോളജിലെ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ചത്. പഴയന്നൂർ പോലീസ് അസ്വാഭാവിക മരണത്തിനു രജിസ്റ്റർ ചെയ്ത എഫ്ഐആർ, സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് എസ്പി കെ.എം. വർക്കി എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ റീ രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചത്.
ജിഷ്ണു പ്രണോയിയെ കോപ്പിയടിക്കേസിൽ കരുതിക്കൂട്ടി കുടുക്കിയതാണെണെന്നാണു പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. മാനേജ്മെന്റിനെ വിമർശിച്ചതിന്റെ പേരിലായിരുന്നു പ്രതികാരനടപടി. കോപ്പിയടി കേസിൽ ജിഷ്ണുവിനെ മനപൂർവം പ്രതിചേർക്കുകയായിരുന്നെന്നും കോളജ് പ്രിൻസിപ്പൽ ഇത് എതിർത്തിരുന്നെന്നും പോലീസ് റിപ്പോർട്ട് പറയുന്നു.
കോപ്പിയടിക്കേസിൽ ജിഷ്ണുവിനെ കുടുക്കിയതിന്റെ മുഖ്യ സൂത്രധാരൻ ചെയർമാൻ പി.കൃഷ്ണദാസ് ആയിരുന്നു. ജിഷ്ണു പരീക്ഷയ്ക്കിരുന്ന രണ്ടു ഹാളിലും പ്രവീണ്‍ എന്ന അധ്യാപകനെയാണ് ചുമതലയേൽപ്പിച്ചത്. ജിഷ്ണുവിനെ കോപ്പിയടിയിൽ കുടുക്കാൻ മാനേജ്മെന്റ് പ്രവീണിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇത് പ്രവീണ്‍ നടപ്പാക്കി.
ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിച്ച് പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ യൂണിവേഴ്സിറ്റിയിൽ അറിയിക്കേണ്ടതായ കുറ്റമൊന്നും ഇതിലില്ലെന്നായിരുന്നു അദ്ദേഹം നിലപാട് എടുത്തത്. എന്നാൽ പ്രവീണ്‍ അടക്കമുള്ള മാനേജ്മെൻറിന്റെ അടുപ്പക്കാരായ ജീവനക്കാർ ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെവച്ച് സംഘം ജിഷ്ണുവിനെ മർദിച്ചതെന്നും കേരള പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.