നാദാപുരം: നീതി തേടിയുളള മാതാപിതാക്കളുടെ സമരത്തിന് പിന്തുണ നൽകി ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണ വീട്ടിൽ നിരാഹാര സമരം തുടങ്ങിയതിനുപിന്നാലെ അടുത്ത ബന്ധുക്കളും ഐക്യദാർഢ്യവുമായി റിലേ നിരാഹാരം തുടങ്ങി. ഇന്നലെ രാവിലെ മുതലാണ് വീട്ടിൽ വല്യമ്മയ്ക്കരികിൽ കിടന്ന് അവിഷ്ണ സമരം ആരംഭിച്ചത്.ഇന്ന് രാവിലെ ഒന്പതുമുതൽ ബന്ധുക്കളും അവിഷ്ണയ്ക്ക് പിന്തുണയുമായി നിരാഹാര സമരത്തിനിറങ്ങി.15 പേരടങ്ങുന്ന സ്ത്രീകളടക്കമുള്ള സംഘമാണ് സമരം ആരംഭിച്ചത്.
വീടിന്റെ വരാന്തയിൽ അവിഷ്ണയ്ക്കരികിലാണ് സമരം .സജീവ സിപിഎം പ്രവർത്തകരാണ് പിന്തുണയുമായി നേരിട്ട് രംഗത്തിറങ്ങിയത്. മകന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെത്തിയ മാതാപിതാക്കളോട് കാണിച്ച അക്രമം പൊറുക്കില്ലെന്നും നീതി ലഭിക്കുംവരെ പോരാടുമെന്നും ബന്ധുക്കൾ പറഞ്ഞു. ജിഷ്ണുവിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയതിന് പുറമേ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ജിഷ്ണുവിന്റെ വീട്ടിൽ കൊയിലാണ്ടി തഹസിൽദാർ എൻ. റംല എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
.കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വളയം ടൗണിൽ യുഡിഎഫിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. ഉപവാസം ജിഷ്ണുവിന്റെ വീടിന് മുന്നിലാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വളയം ടൗണിലേക്ക് മാറ്റുകയായിരുന്നു. സമരത്തിന് പിന്തുണയുമായി നിരവധിപേർ രാവിലെ മുതൽ വളയം പൂവ്വംവയലിലെ വീട്ടിലെത്തുന്നുണ്ട്.15കാരിയായ അവിഷ്ണ നിരാഹാരം തുടങ്ങിയതോടെ വിവരമറിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുട്ടിയെ ഫോണിൽ വിളിച്ച് സമരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും സമരം തുടരുകയായിരുന്നു. തുടർന്ന് സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ചെന്നിത്തല അറിയിച്ചു.
പിന്നാലെ റൂറൽ എസ്പി എം.കെ.പുഷ്കരന്റെ നിർദ്ദേശപ്രകാരം പോലീസ് വീട്ടിലെത്തി സമരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയുണ്ടായി. തിരുവനന്തപുരം ആശുപത്രിയിൽ കഴിയുന്ന അമ്മ മഹിജയും മകളെ വിളിച്ച് സമരത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും നിരാഹാര സമരവുമായി മുന്നോട്ട് പോകുകയായിരുന്നു.
അമ്മയുടേയും കുടുംബത്തിന്റേയും നേരെയുണ്ടായ അതിക്രമത്തെ ഏട്ടൻ വിശ്വസിച്ച പ്രസ്ഥാനത്തിലെ നേതാക്കൾ ന്യായീകരിക്കുന്നതിൽ വേദനയുണ്ടെന്ന് അവിഷ്ണ പറഞ്ഞു. അമ്മ തിരിച്ചുവരുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് അവിഷ്ണയുടെ തീരുമാനം.വല്യമ്മ ചന്ദ്രിയും കണ്ണീർ പൊഴിച്ച്് കുട്ടിക്കരികിൽ ഇരുന്ന് സാന്ത്വന വാക്കുകളേകി ആശ്വസിപ്പിക്കുകയാണ്.