വൈക്കം: വൈക്കം വെച്ചൂർ ശാസ്തക്കുളം സ്വദേശിയായ 23കാരൻ ജിഷ്ണു ഹരിദാസിന്റെ തിരോധാനത്തിലെ ദുരൂഹത ഒരു വർഷം പിന്നിട്ടിട്ടും നീങ്ങാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധം.
പോലീസിന്റെ അന്വേഷണവും ഏകദേശം വഴിമുട്ടിയ നിലയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ സമരപരിപാടികൾ ശക്തിപ്പെടുത്താനാണ് നാട്ടുകാരുടെ തീരുമാനം.
കഴിഞ്ഞ ജൂണ്‍ മൂന്നിനു വീട്ടിൽ നിന്ന് ജോലിക്കു പോയ ജിഷ്ണു പിന്നീട് തിരിച്ചു വന്നില്ല. 23 ദിവസത്തിനുശേഷം കോട്ടയം മറിയപ്പള്ളിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം ജിഷ്ണുവിന്റേതാണെന്ന് പോലീസ് അറിയിച്ചെങ്കിലും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ മൃതദേഹവശിഷ്ടത്തിനു കാലപ്പഴക്കം കൂടുതലാണെന്നും 23 കാരന്റെയല്ലെന്നും സംശയം പ്രകടിപ്പിച്ചിരുന്നു.
പിന്നീട് തിരുവനന്തപുരം ഫോറൻസിക് ലാബിലെ ഡിഎൻഎ പരിശോധനയിൽ മൃതദേഹാവശിഷ്ടം ജിഷ്ണുവിന്റേതാണെന്ന റിപ്പോർട്ടും സ്വീകാര്യമല്ലെന്ന് അറിയിച്ച ബന്ധുക്കൾ തങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാൻ വീണ്ടും ഡിഎൻഎ പരിശോധന നടത്താൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ശാന്തനും നാട്ടുകാർക്കും ബന്ധുക്കൾക്കും പ്രിയങ്കരനുമായിരുന്ന ജിഷ്ണു പരോപകാരിയുമായിരുന്നു.
കോട്ടയത്ത് കണ്ടെത്തിയ മൃതദേഹത്തിൽ ജിഷ്ണു ധരിച്ചിരുന്ന വസ്ത്രങ്ങളോടു സാമ്യമുള്ള വസ്ത്രങ്ങളും ചെരുപ്പുമാണുണ്ടായിരുന്നത്. ജിഷ്ണുവിന്റെ മൂന്നര പവന്റെ മാല, ബാഗ് എന്നിവ മൃതദേഹത്തിനൊപ്പമില്ലായിരുന്നു.
മൃതദേഹത്തിനൊപ്പം രണ്ടു ഫോണുകൾ കണ്ടെത്തിയെന്നു പറഞ്ഞ പോലീസ് പിന്നീട് ഒരു ഫോണാണ് ലഭിച്ചതെന്നു പറഞ്ഞതും സംശയം ബലപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ജീവനൊടുക്കേണ്ട യാതൊരു സാഹചര്യവും ജിഷ്ണുവിനില്ലാത്തതിനാൽ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
ജിഷ്ണുവിന്റെ ഫോണുമായി ബന്ധപ്പെട്ട സൈബർ സെല്ലിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചാൽ കേസിൽ വഴിതിരിവുണ്ടാകുമെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ വിശ്വസിക്കുന്നു.