കൊച്ചി: പാമ്പാടി നെഹ്റു കോളജിനു സമീപത്തെ ജിഷ്ണു പ്രണോയ് സ്മാരകം മൂന്നാഴ്ചയ്ക്കുള്ളിൽ പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്മാരകം പൊളിച്ചുനീക്കാനുള്ള തൃശൂർ ആർഡിഒയുടെ ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്നാരോപിച്ചു പാന്പാടി തിരുവില്വാമല സ്വദേശി കൃഷ്ണൻകുട്ടി നൽകിയ ഹർജിയിലാണ് ഉത്തരവ്.
നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് ഏറെ സമരങ്ങളും ക്രമസമാധാനപ്രശ്നങ്ങളും ഈ മേഖലയിലുണ്ടായി. ഇതിന്റെ തുടർച്ചയായാണു പാന്പാടി നെഹ്റു കോളജിന്റെ പിന്നിലെ കവാടത്തിനടുത്ത് എഐടിയുസി ഓഫീസിനോടു ചേർന്നു ജിഷ്ണുവിനു സ്മാരകമൊരുക്കിയത്. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലായിരുന്നു സ്മാരകനിർമാണം.
പാന്പാടി-പെരിങ്ങോട്ടുകുറിശി റോഡിനോടു തൊട്ടുചേർന്നു നിർമിച്ച സ്മാരകം അപകടമുണ്ടാക്കുമെന്നാരോപിച്ചു ഹർജിക്കാരൻ ആർഡിഒയ്ക്കു പരാതി നൽകിയിരുന്നു. തുടർന്നു തൃശൂർ ആർഡിഒ സ്മാരകം നീക്കാൻ പഴയന്നൂർ പോലീസ് സബ് ഇൻസ്പെക്ടർക്ക് നിർദേശം നൽകി. ഇതു പാലിച്ചില്ലെന്നാണ് ആരോപണം.