കോട്ടയം: ഇന്ത്യാ പ്രസ് വർഷങ്ങൾക്ക് മുൻപ് അടച്ചു പൂട്ടിയതിനെ തുടർന്ന് പ്രസും പരിസര പ്രദേശങ്ങളും കാടു മൂടിയ നിലയിലായിരുന്നു. വിശാലമായ പുരയിടത്തിൽ കാട് വളർന്നതോടെ പരിസരവാസികൾ പോലും പ്രദേശത്തെ അവഗണിച്ച നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
എംസി റോഡിനരികിലായി സ്ഥിതി ചെയ്യുന്ന പ്രദേശം പിന്നീട് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. കാട് പിടിച്ച പ്രദേശവും ഇതിനോടു ചേർന്നുള്ള കെട്ടിടവും കഞ്ചാവ് – ലഹരി മാഫിയ സംഘങ്ങളുടെയും അനാശാസ്യക്കാരുടെയും താവളമാണ്.
ഇവിടെ നേരത്തെ കഞ്ചാവ് മാഫിയ സംഘാംഗങ്ങൾ ഏറുമാടം കെട്ടിയിരുന്നു. ഇവരുടെ ശല്യം രൂക്ഷമായതോടെ പോലീസ് ഇടപെട്ട് ഏറുമാടം പൊളിച്ചു കളയുകയായിരുന്നു.
ഇവിടുത്തെ കാന്റീൻ കെട്ടിടത്തിനു സമീപമുള്ള പുളിമരത്തിനോട് ചേർന്നാണ് അസ്ഥികൂടം കണ്ടെത്തിയിരുന്നത്. കാന്റീനിന്റെ ഭിത്തികളിൽ മുഴുവൻ അശ്ലീല പദങ്ങൾ എഴുതിവച്ചിരിക്കുന്നുണ്ട്.
ലോക്ക്ഡൗണ് കാലത്തിനു മുന്പു വരെ ഇവിടെ അനാശാസ്യക്കാരും ലഹരി മാഫിയ സംഘങ്ങളും തന്പടിച്ചിരുന്നതാണ്. ചില സമയങ്ങളിൽ ലഹരി മാഫിയാ സംഘങ്ങൾ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു ഇവിടെ ഏറ്റുമുട്ടിയിരുന്നു.
എന്നാൽ ലോക്ക് ഡൗണിനുശേഷം ഇവിടെ പഴയതു പോലെ ലഹരി മാഫിയാ സംഘങ്ങൾ തന്പടിച്ചിരുന്നില്ല. കാട് പടർന്നു കിടക്കുന്ന സ്ഥലമായതിനാൽ ഇവിടെ മാലിന്യം തള്ളുന്നതും പതിവാണ്. ഇതോടെയാണ് മൃതദേഹം ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നത്.
കഞ്ചാവും, ലഹരി വസ്തുക്കളുടെ ഉപയോഗവും ഇവിടെ തുടർക്കഥയായതോടെ നാട്ടുകാർ ഇവിടേക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെയായി. ഇങ്ങനെയുള്ള പ്രദേശത്ത് ജിഷ്ണു എത്തിപ്പെടാനുണ്ടായ കാരണം തേടുകയാണ് കുടുംബാംഗങ്ങളും പോലീസും.
സ്ഥലത്തെ സാഹചര്യമനുസരിച്ച് അനാശാസ്യ പ്രവർത്തകരുടേയോ, ലഹരി മാഫിയകളുടെയോ കെണിയിൽ പെട്ടാണോ ജിഷ്ണു ഇവിടെ എത്തിയതെന്നും ബന്ധുക്കൾക്ക് സംശയമുണ്ട്.