തിരുവനന്തപുരം: ജിഷ്ണു കേസിലെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് പിആർഡി വഴി സർക്കാർ നൽകിയ പത്രപ്പരസ്യത്തിനു 18 ലക്ഷം രൂപ ചെലവുവന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. എന്നാൽ, പത്രമാധ്യമങ്ങൾ ഇതുവരെ ബിൽ നൽകിയിട്ടില്ലാത്തതിനാൽ പണം നൽകിയിട്ടില്ല.
ഇതുവരെ ടെൻഡർ പരസ്യങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ പരസ്യങ്ങൾക്കായി 16.11 കോടി രൂപ ചെലവഴിച്ചതായും പി.ടി. തോമസിന്റെയും വി.ടി. ബൽറാമിന്റെയും ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് 2.25 കോടി രൂപ ചെലവിട്ടു.
വിവരങ്ങൾ ഉദേശിച്ച രീതിയിൽ ജനങ്ങളെ അറിയിക്കാൻ പത്രസമ്മേളനത്തേക്കാൾ നല്ലതു പരസ്യമാണ്. സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും ബന്ധുക്കൾക്കും നേരെയുണ്ടായ പോലീസ് അതിക്രമത്തെ തുടർന്നു സർക്കാർ ഭാഗം വിശദീകരിക്കാൻ ഏപ്രിൽ എട്ടിനാണ് പത്രങ്ങളിൽ പരസ്യം നൽകിയത്.
എന്തുകൊണ്ട് അരപേജ് പരസ്യം നൽകിയെന്ന ചോദ്യത്തിന് പത്രസമ്മേളത്തിന്റെയും പത്രപരസ്യത്തിന്റെയും സാധ്യത വ്യത്യസ്തമാണെന്നു മുഖ്യമന്ത്രി മറുപടി നൽകി.