ചങ്ങനാശേരി: മോഷ്ടിച്ചതും വാടകയ്ക്കെടുത്തതുമായ കാറുകളിലും ബൈക്കുകളിലും കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിലായി.
നാലുകോടി മന്പള്ളി ജിസ് ബിജു (23) ആണ് അറസ്റ്റിലായത്. നാലുകോടിക്കു സമീപം റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ മാലപറിച്ച കേസിൽ പോലീസ് അന്വേഷിച്ചതിനെത്തുടർന്ന് നാടുവിട്ട ജിസിനെ പോലീസ് സംഘം തന്ത്രപൂർവം കോയന്പത്തൂരിൽനിന്നുമാണ് പിടികൂടിയത്.
തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയതു. ജില്ലാ പോലീസ് ചീഫ് ഡി. ശില്പ, ഡിവൈഎസ്പി വി.ജെ. ജോഫി എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഒ എ. അജീബ് , എസ്ഐമാരായ പ്രദീപ്, അനിൽകുമാർ, എഎസ്ഐ രഞ്ജീവ് , സിപിഒമാരായ സുരേഷ്, ലാലു, അശോകൻ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മോഷ്ടിക്കുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യുന്ന വാഹനങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം കറങ്ങി നടന്ന് ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീകളെ അടിച്ചുവീഴ്ത്തി സ്വർണമാല മോഷ്ടിക്കുന്ന രീതിയാണ് ജിസിനും സംഘത്തിനുമുള്ളത്.
കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലായി ബൈക്ക് മോഷണം, മാല പിടിച്ചുപറിക്കൽ ഉൾപ്പെടെ 13 കേസുകളിലെ പ്രതിയാണ് ജിസ്.
മോഷണത്തിനായി സുഹൃത്തുക്കളുടെ ബൈക്കുകളും ഉപയോഗിച്ചിരുന്നു. മോഷണത്തിലൂടെ കിട്ടുന്ന സ്വർണാഭരണങ്ങൾ വിറ്റ് അടിച്ചുപൊളിച്ച് ആഡംബരമായി ജീവിച്ചിരുന്ന ജിസും സംഘവും മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ടിരുന്നു.
വിവിധ സ്ഥലങ്ങളിൽനിന്നും കഞ്ചാവ് വാങ്ങി തൃക്കൊടിത്താനത്ത് എത്തിച്ചു വിൽപ്പന നടത്തിയിരുന്നതായും ജിസിനെ ചോദ്യം ചെയ്തതിൽ നിന്നും തെളിഞ്ഞിട്ടുണ്ട്.
തൃശൂരിൽ നിന്നും മോഷ്ടിച്ച സ്പ്ലെൻഡർ ബൈക്കിൽ കറങ്ങി തിരുവല്ല വീയപുരത്തുനിന്നും വീട്ടമ്മയുടെ മാല പറിച്ച കേസും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. മോഷ്ടിച്ച രണ്ട് സ്വർണമാലകൾ സ്വർണക്കടയിൽനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
തൃക്കൊടിത്താനം കൊക്കോട്ടുചിറയിലുള്ള ജോസഫ് എന്നയാളുടെ ബൈക്ക് മോഷ്ടിച്ച കേസിലും ജിസ് പ്രതിയാണ്.
ജിസിന്റെ സഹോദരൻ ജസ്റ്റിൻ ഉൾപ്പെടെ വിവിധ കേസുകളിലെ കൂട്ടുപ്രതികളും നാലുകോടി, തൃക്കൊടിത്താനം സ്വദേശികളുമായ പ്രണവ്, നോബിൻ, അനൂപ്, സജിത്ത്, അലൻ റോയി എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ തൃക്കൊടിക്കാനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവർ റിമാൻഡിൽ കഴിയുകയാണ്. രഹസ്യ അന്വേഷണ വിഭാഗം സിപിഒ രതീഷിനു ലഭിച്ച വിവരങ്ങളും പ്രതിയെ പിടിക്കാൻ സഹായകമായി.