നെടുമങ്ങാട്: ആദ്യ പ്രസവത്തിൽ നാലുമക്കൾ, ജീവ ഭവൻ ഇനി കുസൃതിക്കുരുന്നുകളുടെ കളിയിടം. നെടുമങ്ങാട് നഗരസഭയിലെ അരശുപറമ്പ് വാർഡിൽപ്പെട്ട തച്ചരുകുന്ന് ജീവഭവനിൽ ജിതിൻ – ആശാ ദമ്പതികൾക്കാണു നാലു മക്കൾ ഒരുമിച്ചു പിറന്നത്. ഒന്നര മാസംമുമ്പ് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ആശ പ്രസവിച്ചത്. കുട്ടികളുടെ ആരോഗ്യപരിപാലനം കണക്കിലെടുത്ത് ആശുപത്രിയിൽത്തന്നെ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.
മൂന്നു പെൺകുട്ടികളും ഒരാണുമാണ് ഇവർക്കു പിറന്നത് . അശ്വജിത്, ആര്യജിത്, അനന്യജിത്, അനഘജിത് എന്നിങ്ങനെയാണ് പേരുകൾ നൽകിയിട്ടുള്ളത്. അശ്വജിത്താണ് ആദ്യം പിറന്നത്. മൂന്നും അഞ്ചും മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു മറ്റു കുഞ്ഞുങ്ങളുടെ ജനനം.
സമജാത (Identical) പിറവി അല്ലാത്തതിനാൽ ഓരോരുത്തരും ഓരോ രൂപത്തിലും ഭാവത്തിലുമാണ്. ഭേതപ്പെട്ട തൂക്കവും ആരോഗ്യവും എല്ലാ കുട്ടികൾക്കും ഉണ്ടായിരുന്നെങ്കിലും കൂടുതൽ കരുതലിനായി ആശുപത്രി അധികൃതർ മുൻകൈയെടുത്ത് ഒന്നരമാസത്തെ അധിക പരിചരണം നൽകുകയായിരുന്നു.