കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ.ചൊവ്വ കിഴുത്തള്ളി സ്വദേശി പി.ജിതിനെ (29) യാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബാവിഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2019 മേയ് മാസമാണ് നാല്പതുകാരിയായ വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. നല്ല നിലയിൽ കുടുംബത്തോടൊപ്പം ജീവിച്ചിരുന്ന യുവതിയുടെ മരണം എല്ലാവരിലും ഞെട്ടൽ ഉളവാക്കിയിരുന്നു.
പ്രാഥമികമായ അന്വേഷണത്തിൽ ആത്മഹത്യ ചെയ്തതിനു കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദന്റെ മേൽനോട്ടത്തിൽ ടൗൺ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘത്തെ കേസ് ഏൽപ്പിക്കുകയായിരുന്നു. തികച്ചും ശാസ്ത്രീയമായി നടത്തിയ അന്വേഷണവും മുഴുവൻ തെളിവുകളും ശേഖരിച്ചാണ് പ്രതിയെ ഇപ്പോൾ അറസ്റ്റ് ചെയ്തത്.
പ്രതിയെ കുടുക്കിയത് “പിങ്കി-പിങ്കു’
വീട്ടമ്മയുടെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വീട്ടമ്മ ആത്മഹത്യ ചെയ്തപ്പോൾ സമീപത്തു നിന്നും ലഭിച്ച പേപ്പറിൽ കണ്ടെത്തിയ വാക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പേപ്പറിൽ പിങ്കി-പിങ്കു എന്ന് എഴുതിയിരുന്നു. അതിൽ ഒരു ഗുണന ചിഹ്നവും ഇട്ടിരുന്നു. രണ്ട് വാക്കുകൾ ഓൺലൈൻ ഗെയിമിനോട് സാമ്യമുള്ളതിനാൽ വിവിധ ഓൺലൈൻ ഗെയിം പരിശോധിക്കുകയും ചെയ്തു. എന്നാൽ, ഇതു ജിതിൻ വീട്ടമ്മയുമായി ചാറ്റിംഗ് നടത്തുന്ന വ്യാജ ഐഡിയാണെന്ന് കണ്ടെത്തുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ സ്റ്റേഷനുകളിൽ സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ ശല്യ ചെയ്ത കേസുകളും അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തു. ഇത്തരം കേസുകളിലെ പ്രതികളെ നിരീക്ഷിക്കുകയും പ്രത്യേകിച്ച് സ്ഥിരം നൈറ്റ് ഡ്യൂട്ടി ചെയ്തുവരുന്ന ആൾക്കാരുടെ സ്വഭാവങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.
സൈബർ സെൽ ടീം കൺട്രോളർ ശ്രീജിത്ത് നൽകുന്ന ഡാറ്റ സോഴ്സ് റിപ്പോർട്ടുകൾ അന്വേഷണ സംഘം വിലയിരുത്തിയാണ് പ്രതിയിലേക്ക് എത്തിയത്. മുഴുവൻ തെളിവുകളും പ്രതി നശിപ്പിച്ചിരുന്നുവെങ്കിലും പോലീസ് കണ്ടെത്തുകയായിരുന്നു.
വ്യാജ അക്കൗണ്ടിലൂടെ വീട്ടമ്മമാരെ വീഴ്ത്തും
വ്യാജ അക്കൗണ്ടുകൾ ഫെയ്സ്ബുക്കിൽ നിർമിച്ച് വീട്ടമ്മമാരെ കെണിയിൽ വീഴ്ത്തുന്നതായിരുന്നു പ്രതി ജിതിന്റെ പതിവ്. വീട്ടമ്മമാർക്ക് പറ്റുന്ന അബദ്ധ സന്ദേശങ്ങളും ദൗർബല്യങ്ങളും ഇതുവഴി മുതലെടുത്ത് അവരെ ചൂഷണം ചെയ്യുകയായിരുന്നു. കാവ്യ,നീതു,ശരത്,മോഹൻ, ജിത്തു തുടങ്ങിയ വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചായിരുന്നു ജിതിൻ ചാറ്റ് ചെയ്തിരുന്നത്.പ്രതിയുടെ പേരിൽ മുമ്പും സമാന പരാതികൾ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു. സ്ത്രീകൾക്കെതിരായുള്ള ഇത്തരം സൈബർ കുറ്റക്യത്യങ്ങൾ ചെയ്യുന്നവരെ എത്ര തെളിവ് നശിപ്പിച്ചാലും സമയമെടുത്ത് അന്വേഷിച്ച് നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സിഐ പ്രദീപൻ കണ്ണിപ്പൊയിൽ പറഞ്ഞു.
സീനിയർ സിവിൽ പോലീസ് ഓഫീസർ സഞ്ജയ് കണ്ണാടിപ്പറമ്പ, വനിതാ ഓഫിസർ ഗിരിജ, സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്,ഷിൻജു എന്നിവരായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.