നെടുമങ്ങാട് :ബിസിനസിൽ നിന്നുള്ള ലാഭ വിഹിതം നൽകാമെന്നു പറഞ്ഞു പലരിൽ നിന്നായി കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ.
നെടുമങ്ങാട് അരശുപറമ്പ് തച്ചരുകോണം ജിതിൻ (31) നെയാണ് നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ ചെയ്തത്.
യാതൊരു ബിസിനസും ഇല്ലാതിരുന്ന ജിതിൻ ആഡംബര ജീവിതത്തിന് വേണ്ടിയാണ് പണം തട്ടിയത് എന്ന് പോലീസ് പറയുന്നു.
ദുബായ്, സിംഗപ്പുർ, കോൽക്കത്ത, ബംഗളൂരൂ ,മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ബിസിനസ് ഉണ്ടെന്നും അതിൽ നിക്ഷേപിക്കുന്നതിന്റെ ലാഭമാണ് നിങ്ങൾക്ക് തരുന്നത് എന്നാണ് പണം നൽകിയവരെ ധരിപ്പിച്ചത്.
പണം വാങ്ങിയവർക്ക് ലാഭവിഹിതമായി ഇയാൾ 18 ശതമാനം വരെ പലിശ നൽകിയിരുന്നു.
ബിസിനസിൽ നിന്നും ലഭിക്കുന്ന ലാഭമാണ് നൽകുന്നത് എന്നാണ് പറഞ്ഞിരുന്നത്. 2017 മുതൽ ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു.
ലാഭ വിഹിതവും വാങ്ങിയ പണവും തിരികെ ലഭിക്കുന്നില്ലന്ന് കാട്ടി 41 ഓളം പരാതികളാണ് ഒരു മാസത്തിനകം നെടുമങ്ങാട് എഎസ്പിയ്ക്ക് ലഭിച്ചത്.
ഒന്നര ലക്ഷം രൂപ മുതൽ 46 ലക്ഷം വരെയാണ് ഇയാൾ പലരിൽ നിന്നായി വാങ്ങിരിക്കുന്നത്. 41 പേരിൽ നിന്നും നാലു കോടി രൂപയുടെ പരാതികളാണ് നെടുമങ്ങാട് പോലീസിൽ കിട്ടിയത് .
ഇന്നലെ രാത്രി വട്ടപ്പാറയിലെ നിന്നും പിടികൂടിയ ഇയാൾ സംസ്ഥാനത്തിന് പുറത്തും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
നിരന്തരമായി ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ജിതിൻ പിടിയിലായത്.
കോടികൾ തട്ടിപ്പ് നടത്തിയ ജിതിനെ കുറിച്ച് അന്വേഷിക്കാനായ് എഎസ്പി യുടെ നേതൃത്വത്തിൽ പാലോട് സിഐ സി.കെ. മനോജ് ഉൾപ്പെടെ എട്ടു അംഗ സംഘത്തെ ചുമതലപ്പെടുത്തി.