പറവൂർ: പെരുവാരം പനോരമ നഗറിൽ അറയ്ക്കപറമ്പ് ശിവാനന്ദന്റെ മകൾ വിസ്മയ പൊള്ളലേറ് മരിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത സഹോദരി ജിത്തുവിനെ കോടതി റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ ഇവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സഹോദരിയെ മാതാപിതാക്കൾ കൂടുതലായി സ്നേഹിക്കുകയും, പ്രതിയെ അവഗണിക്കുകയും ചെയ്യുന്നതിലുള്ള അമർഷമാണ് കൊലയിലേക്ക് ജിത്തുവിനെ നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇക്കാര്യം പറഞ്ഞു സഹോദരിമാർ വഴക്കിടാറുണ്ടായിരുന്നു.വിസ്മയക്ക് വാങ്ങുന്ന പുതിയ ഡ്രസുകൾ വരെ ജിത്തു രഹസ്യമായി കീറി നശിപ്പിച്ചിട്ടുണ്ട്.
മാതാപിതാക്കളിൽനിന്നും ലഭിച്ച വിവരമനുസരിച്ച് ആൺ സുഹൃത്തിനൊപ്പം ജീവിക്കാൻ തടസം നിന്നതിലുള്ള വൈര്യാഗമാണ് ജിത്തുവിനെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നെങ്കിലും, വീട്ടിലെ മറ്റുള്ളവരുടെ അവഗണനയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ജിത്തുവിന്റെ മൊഴി.
സംഭവ ദിവസം വിസ്മയയുമായി ഉണ്ടായ വാക്കു തർക്കത്തെ തുടർന്ന് കത്തിക്കൊണ്ട് കുത്തിയതായും കുഴഞ്ഞു വീണ സഹോദരി കാലിൽ പിടിച്ചതിനെ തുടർന്ന് ഇളകി കിടന്ന കസേരയുടെ കൈപിടി ഉപയോഗിച്ച് അടിച്ചതായും ജിത്തു നൽകിയ മൊഴിയിൽ പറയുന്നു.
നിശ്ചലയായ വിസ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം തുണിയിൽ മണ്ണെണ്ണ മുക്കി ലൈറ്റർ ക്കൊണ്ട് തീകൊളുത്തുകയായിരുന്നു.
ചൊവ്വാഴ്ച പകൽ മൂന്നോടെ വീട്ടിൽനിന്നും തീ ഉയരുന്നതുകണ്ട പരിസരവാസികൾ വിളിച്ചറിയിച്ചതനുസരിച്ച് ഫയർ ഫോഴ്സ് എത്തി തീ അണച്ച ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് വിസ്മയയുടെ കത്തിക്കരിഞ്ഞശരീരം വീട്ടിലെ മുറിയിൽ കണ്ടെത്തിയത്.