പൊന്‍കുന്നം: ജിത്തു മരണത്തിനിടയാക്കിയ അപകടത്തിലേക്കെത്തിയത് അഞ്ചു മിനിറ്റു കൊണ്ട്. അപകടം നടക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പാണ് ആനക്കല്ലിലെ വീട്ടില്‍ നിന്ന് ജിത്തു ഈ കാറില്‍ യാത്ര തിരിച്ചത്. കൂട്ടുകാര്‍ തേക്കടി യാത്ര കഴിഞ്ഞ് മടങ്ങും വഴി വീട്ടിലെത്തി ജിത്തുവിനെക്കൂട്ടി ചങ്ങനാശേരിക്കു പോകുകയായിരുന്നു. ഒപ്പമുള്ള സുഹൃത്ത് മിത്രക്കരി സ്വദേശി കാര്‍ത്തിക്കിന്റെ വീട്ടിലേക്കായിരുന്നു ഇവരുടെ യാത്ര.
ഉല്ലാസപൂര്‍വം തിരിച്ച യാത്ര നിമിഷങ്ങള്‍ കൊണ്ട് തീരാസങ്കടമായത് ഇപ്പോഴും സുഹൃത്തുക്കള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ബാംഗളൂരില്‍ പഠിക്കുകയായിരുന്ന ജിത്തു രണ്ടു ദിവസം മുമ്പാണ് വീട്ടിലെത്തിയത്. സഹപാഠികളായിരുന്നു തേക്കടിയാത്ര കഴിഞ്ഞ് ജിത്തുവിനടുത്തെത്തിയത്.
അവസാനശ്വാസം വരെയും ജിത്തു അന്വേഷിച്ചത് കൂട്ടുകാരെ
പൊന്‍കുന്നം: എനിക്കെന്താണ് പറ്റിയത്, കൂട്ടുകാരെവിടെ, അവര്‍ക്ക് എന്തെങ്കിലും പറ്റിയോ…..ആശുപത്രിയിലെത്തും വരെ ജിത്തു അന്വേഷിച്ചത് ഇതായിരുന്നു. വേദനയോടെയാണ് ജിത്തുവിനെ ആശുപത്രിയിലെത്തിച്ച ബിനു ഈ വാക്കുകള്‍ കേട്ടുകൊണ്ടിരുന്നത്. ആ ജീവന് പൊലിഞ്ഞെന്നറിഞ്ഞപ്പോള് ജിത്തുവിന്റെ ഓരോ ചോദ്യവും ഹൃദയത്തില്‍ മുറിവായി ഇദ്ദേഹത്തിന്.
കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസറായ ചിറക്കടവ് പറമ്പുകാട്ടില്‍ ബിനു കാഞ്ഞിരപ്പള്ളിയില്‍ നിന്ന് പൊന്‍കുന്നത്തേക്ക് ബൈക്കില്‍ വരുമ്പോഴാണ് അപകടം കാണുന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ജിത്തുവിനെ തോളിലെടുത്ത് വാഹനത്തില്‍ കയറ്റി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ജിത്തുവിന്റെ അന്വേഷണം. വേദനയില്‍ പുളയുമ്പോഴും കൂട്ടുകാരെ കാണാത്ത സങ്കടത്തില്‍ അവര്‍ക്കെന്തു പറ്റിയെന്ന് തുടര്‍ച്ചയായി ചോദിച്ചു കൊണ്ടിരുന്നു ജിത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ജിത്തു മരണത്തിനു കീഴടങ്ങി.