പറവൂർ: പറവൂർ പെരുവാരത്ത് വീട്ടിനുള്ളിൽ യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ സഹോദരിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.
തുടർന്നു കോടതിയിൽ ഹാജരാക്കും. പെരുവാരം പനോരമ നഗറിൽ അറയ്ക്കപറമ്പ് ശിവാനന്ദന്റെ മകൾ വിസ്മയയാണ്(25) പൊള്ളലേറ് മരിച്ചത്. കേസിൽ സഹോദരി ജിത്തു (22) ഇന്നലെ പോലീസിന്റെ പിടിയിലായിരുന്നു.
കുത്തിവീഴ്ത്തി, മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. സഹോദരിമാർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.മാതാപിതാക്കൾ ആലുവയിലെ ആശുപത്രിയിൽ പോയതായിരുന്നു. ജിത്തുവിന്റെ അക്രമ സ്വഭാവം ഭയന്ന് കൈകൾ ബന്ധിച്ചാണ് ഇവർ പോയത്.
എന്നാൽ പ്രാഥമിക ആവശ്യം പറഞ്ഞ് കെട്ടഴിപ്പിച്ച ജിത്തു വിസ്മയുമായി വാക്കുതർക്കത്തിലാകുകയും പ്രകോപിതയായി കത്തിക്കൊണ്ട് കുത്തുകയുമായിരുന്നു.
കുത്തേറ്റ് കുഴഞ്ഞു വീണ വിസ്മയ മരിച്ചെന്നു കരുതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. വീടിന്റെ ഗേയ്റ്റ് പൂട്ടിയിരുന്നതിനാൽ ഇതിനു ശേഷം പിൻവശം വഴി പുറത്ത് കടന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് ജിത്തു പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്.
സിമ്മും ബാറ്ററിയും ഊരിമാറ്റി
വിസ്മയയുടെ ഫോണുമായി സ്ഥലം വിട്ട ജിത്തു ഫോണിൽ നിന്നും സിമ്മും, ബാറ്ററിയും ഊരി മാറ്റിയത് പോലീസിന് ഇവരുടെ ലൊക്കേഷൻ തിരിച്ചറിയാൻ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
നേരത്തേ രണ്ടു പ്രാവശ്യം വീട് വിട്ട് ഇറങ്ങി പോയിട്ടുള്ള ജിത്തു ഇപ്രകാരം സിം എടുത്ത് മാറ്റി ഫോൺ നിശ്ചലമാക്കിയിട്ടുണ്ട്.
വീട്ടിൽനിന്നും തീ ഉയരുന്നതുകണ്ട പരിസരവാസികൾ വിളിച്ചറിയിച്ചതനുസരിച്ച് ഫയർ ഫോഴ്സ് എത്തി തീ അണച്ച ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് വിസ്മയയുടെ കത്തികരിഞ്ഞശരീരം വീട്ടിലെ മുറിയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ജിത്തുവിനെ കാണാതായത് മരിച്ചതാരെന്ന സംശയത്തിനു വരെ ഇടയാക്കിയിരുന്നു.
തിരിച്ചറിയാതെ പിങ്ക് പോലീസ്
ബുധനാഴ്ച അർധരാത്രിയോടെ എറണാകുളത്ത് അലഞ്ഞുതിരിയുന്ന നിലയിൽ കണ്ടെത്തിയ ജിത്തുവിനെ പിങ്ക് പോലീസ് പിടികൂടിയെങ്കിലും തിരിച്ചറിയാൻ ഇവർക്ക് സാധിച്ചില്ല. ലക്ഷദ്വീപുകാരിയാണെന്ന് ജിത്തു പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
തുടന്ന് ലക്ഷദ്വീപ് പോലീസ് എത്തി ലക്ഷദ്വീപുകാരിയല്ലെന്ന് ഉറപ്പാക്കുകയായിരുന്നു. ഇതോടെ വീട് വിട്ട് പോന്ന ആരോ എന്ന നിലയിൽ ഇവരെ പോലീസ് കാക്കനാട് തെരുവോരം മുരുകന്റെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
ഇതിനിടയിൽ ഇവരെ കണ്ടെത്താൻ പറവൂർ പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസാണ് പ്രതിയെ തിരിച്ചിയാൻ സഹായിച്ചത്.