പറവൂർ: പെരുവാരത്ത് തീപ്പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ ഇളയ സഹോദരിക്കായി പോലീസ് തെരച്ചിൽ തുടരുന്നു. പെരുവാരം പനോരമ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ മകൾ വിസ്മയ (ഷിഞ്ചു-25) ആണ് മരിച്ചത്.
സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും ഇളയ സഹോദരി ജിത്തു (22) വിനെ കണ്ടെത്താൻ പോലീസിനായിട്ടില്ല.ജിത്തുവിനെ കാണാതായതോടെ മരിച്ചത് ആരെന്ന കാര്യത്തിൽ ആദ്യം പോലീസും ആശയകുഴപ്പത്തിലായിരുന്നു.
തീപിടിച്ചതിനെത്തുടർന്നു മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മാലയിലെ ലോക്കറ്റ് നോക്കി മരിച്ചതു വിസ്മയയാണെന്ന് മാതാപിതാക്കൾ സംഭവ ദിവസം തന്നെ പോലീസിനോട് പറഞ്ഞിരുന്നു.
പെൺകുട്ടി നടന്നുപോകുന്ന ദൃശ്യങ്ങൾ
ഇവരുടെ വീട്ടിനു സമീപമുള്ള പള്ളിത്താഴം സി. മാധവൻ റോഡിലൂടെ സംഭവസമയത്ത് ഒരു പെൺകുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചു. ദൃശ്യങ്ങൾ വ്യക്തമല്ലെങ്കിലും ധരിച്ചിരിക്കുന്ന തരത്തിലുള്ള വസ്ത്രം ജിത്തുവിനുണ്ടെന്ന് മാതാപിതാക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇതോടെ ദൃശ്യത്തിൽ കണ്ടത് ജിത്തു തന്നെയെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇത് ഏകദേശം ശരിവക്കുന്നുണ്ട്.22 നും 30 നും മധ്യേ പ്രായമുള്ള പെൺകുട്ടിയാണു മരിച്ചതെന്നു പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ വ്യക്തമായിട്ടുണ്ട് എങ്കിലും മരിച്ചതാരെന്ന് ഉറപ്പുവരുത്താൻ ഡിഎൻഎ പരിശോധന നടത്തുന്നതിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.
ആളൊഴിഞ്ഞ പറന്പിലൂടെ റോഡിലേക്ക്
വീടിന്റെ പിറകിലൂടെ സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പും, തോടും കടന്നാൽ പനോരമ നഗറിലേക്കുള്ള പൊതു റോഡിലേക്ക് എത്താനാകും. ഇതു വഴിയാണ് ജിത്തു സി. മാധവൻ റോഡിലേക്ക് കടന്നതെന്നാണ് കരുതുന്നത്. മുൻവശത്തെ ഗേറ്റ് പൂട്ടിയിരുന്നെങ്കിലും, ഇത് തുറക്കാതെ ജിത്തുവിന് പുറത്ത് കടക്കാനായത് ഇതിനാലാണ്.
പെരുവാരം പനോരമ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീട്ടിൽനിന്ന് ചൊവ്വാഴ്ച വൈകിട്ടു മൂന്നോടെയാണ് തീയും പുകയും ഉയരുന്നത് നാട്ടുകാർ കണ്ടത്. ഫയർഫോഴ്സ് എത്തി തീ അണച്ചപ്പോഴേയക്കും രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചിരുന്നു. ഈ മുറിയിലൊന്നിലാണ് കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
വീട്ടിൽ രക്തപ്പാടുകളും കണ്ടെത്തിയിരുന്നു. തീപിടിക്കുന്നതിനു മുൻപു സഹോദരിമാർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടാകാമെന്ന് പോലീസ് കരുതുന്നത്. പക്ഷേ, തീവച്ചശേഷം സഹോദരി കടന്നുകളഞ്ഞതാണെന്നു ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും പോലീസ് പറഞ്ഞു.
സഹോദരിമാർ തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിച്ചോ
മാനസിക പ്രശ്നങ്ങൾക്കു ചികിത്സയിലായിരുന്ന ജിത്തുവിന്റെ കൈകൾ ചില സമയങ്ങളിൽ കെട്ടിയിടാറുണ്ട്. കുറച്ചു ദിവസം മുമ്പ് ശിവാനന്ദനെ മുറിയിൽ പൂട്ടിയിട്ട് ജിത്തു കടന്നുകളഞ്ഞിരുന്നു.സംഭവദിവസം ശിവാനന്ദനും ഭാര്യ ജിജിയും വീട്ടിൽ ഇല്ലാതിരുന്നതിനാൽ ജിത്തുവിനെ കെട്ടിയിട്ടിരുന്നു.
എന്തെങ്കിലും പ്രാഥമിക ആവശ്യം പറഞ്ഞ് കെട്ട് അഴിച്ചപ്പോഴാകാം സഹോദരിമാർ തമ്മിൽ വഴക്ക് ഉണ്ടായതെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. ജിത്തുവിന്റെ കൈയ്യിലുള്ള വിസ്മയയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഇതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് തടസം നേരിടുന്നുണ്ട്. വൈപ്പിൻ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. ജിത്തുവിനെ കിട്ടിയാലെ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകൂ. സംഭവസ്ഥലം ആലുവ റൂറൽ എസ്പി കെ. കാർത്തിക് സന്ദർശിച്ചു. വിസ്മയയുടെ മൃതദേഹം തോന്ന്യകാവ് ശ്മശാനത്തിൽ സംസ്കരിച്ചു.