കൊല്ലം: കുരീപ്പള്ളിയില്‍ മകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ജയമോളുടെ മാനസികനില പരിശോധിക്കാൻ തീരുമാനം.
മാനസികരോഗമുണ്ടെന്ന ഭര്‍ത്താവിന്റെ മൊഴി കണക്കിലെടുത്താണ് ഇവരുടെ മാനസികനില വീണ്ടും പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചത്. ജയമോള്‍ക്കു മാനസികപ്രശ്നമുണ്ടെന്നു മകളും പറയുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഈ തീരുമാനം. ഇതേസമയം ജയമോള്‍ക്കു മാനസികപ്രശ്നമുണ്ടെന്ന വാദം ജിത്തുവിന്റെ മുത്തച്ഛന് നെടുമ്പന കുരീപ്പള്ളി ജോബ് ഭവനില്‍ ജോണിക്കുട്ടി നിഷേധിച്ചു.
മൊഴികളിലെ വൈരുധ്യമാണു ജയമോളുടെ മാനസികാരോഗ്യത്തെക്കുറിച്ചു വ്യക്തത വരുത്താന്‍ പോലീസ് തീരുമാനിച്ചത്. കൃത്യം ഒറ്റയ്ക്കു ചെയ്തതാണെന്നും സ്വത്തുതര്‍ക്കത്തിന്റെ പേരിലാണു കൊല ചെയ്തതെന്നുമുള്ള ജയമോളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കഴിഞ്ഞദിവസം പരവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴും ജയമോള്‍ പോലീസിന് നല്കിയ മൊഴി ആവര്‍ത്തിക്കയായിരുന്നു. സ്വത്തു സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നും ആകെയുള്ള ഒരേക്കര്‍ മുപ്പത് സെന്റ് വസ്തു രണ്ടു മക്കള്‍ക്കുമായി വീതംവച്ച വില്‍പ്പത്രം മൂന്നുവര്‍ഷം മുമ്പ് തയാറാക്കിയെന്നും മുന്‍ അധ്യാപകന് കൂടിയായ മുത്തച്ഛന് ജോണിക്കുട്ടി പറയുന്നു.
ജിത്തു അമ്മയോടു സ്വത്ത് കിട്ടാൻ പോകുന്നില്ലെന്ന് പറഞ്ഞതാണു കൊലപാതകത്തിനു കാരണമായി ജയമോള്‍ പോലീസിന് മൊഴി നല്‍കിയത്. കൊച്ചുമകനുമായി വസ്തു വീതംവയ്ക്കുന്ന കാര്യം സംസാരിച്ചിട്ടുപോലുമില്ലെന്നും ഇങ്ങനെ ഒരു അമ്മയ്ക്കു മകനെ ക്രൂരമായി കൊലപ്പെടുത്താന്‍ കഴിയില്ലെന്നും ഏറെ ദുരൂഹതകള്‍ കൊച്ചുമകന്റെ മരണത്തിലുണ്ടെന്നും ജോണിക്കുട്ടി പറയുന്നു.