കൊല്ലം :ഒന്പതാംക്ലാസ് വിദ്യാർഥി കുരീപ്പള്ളി സെബദിയിൽ ജോബ് ജി.ജോണിന്റെ മകൻ ജിത്തു കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും. ജിത്തുവിന്റെ മാതാവ് ജയമോളെ ഇന്നലെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
ഇവരെ ഇന്നലെ വീട്ടിലെത്തിച്ച് തെളിവെടുപ്പും നടത്തി. ഇന്ന് പരവൂർ കോടതിയിൽ ഇവരെ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. സ്വത്ത് തർക്കമാണ് മകനെ കൊലപ്പെടുത്തുന്നതിന് ഇടയാക്കിയതെന്ന് ജയമോൾ ആവർത്തിച്ച് പറഞ്ഞത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.
ഇക്കാര്യത്തിൽ പോലീസ് വിശദമായി അന്വേഷണം നടത്തും. അതേസമയം സ്വത്തു തർക്കത്തെ തുടർന്നാണോ കൊലപാതകത്തിനിടയാക്കിയ സാഹചര്യം ഉണ്ടായതെന്ന് വിലയിരുത്തുന്നതിനാണ് ഇന്ന് ബന്ധുക്കളെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്. ജയമോളുടെയും ഭർത്താവ് ജോബ് ജി.ജോണിന്റെയും അടുത്ത ബന്ധുക്കളെയാണ് ചോദ്യം ചെയ്യുന്നത്. അതേസമയം സ്വത്ത് തർക്കമില്ലെന്ന് ജിത്തുവിന്റെ മുത്തച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെ കൊല്ലേണ്ട കാര്യമില്ലെന്നും മുത്തച്ഛൻ പറഞ്ഞു.
ഭർതൃമാതാവിന്റെ വീട്ടിൽ പോയിട്ടുവന്നശേഷമാണ് ജിത്തുവിനെ മാതാവ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായ സാഹചര്യത്തിൽ അക്കാര്യമാണ് പോലീസ് കൂടുതലായി അന്വേഷിക്കുന്നത്. പരിസരവാസികളെയും മറ്റും ഇന്നും ചോദ്യം ചെയ്യുമെന്നാണ് പോലീസ് നൽകുന്ന സൂചന.