കോട്ടയം:കേരളത്തെ ഞെട്ടിച്ച തലയോലപ്പറമ്പ് കൊലപാതകത്തിന് ദൃശ്യം സിനിമയോടു സാമ്യമുണ്ടെന്ന് മാധ്യമ വാര്‍ത്തകളോട് പ്രതികരിച്ച് സംവിധായകന് ജിത്തു ജോസഫ്. തലയോലപ്പറമ്പില്‍ എട്ട് വര്‍ഷം മുമ്പ് കാണാതായ സ്വകാര്യ പണമിടപാടുകാരന് മാത്യുവിനെ കൊന്നു കുഴിച്ചുമൂടിയതാണെന്ന വെളിപ്പെടുത്തല്‍ കേരളത്തെ നടുക്കിയിരിക്കുമ്പോഴാണ് കൊലപാതകത്തിന് 2013ല്‍ ഇറങ്ങിയ ദൃശ്യം എന്ന ചിത്രവുമായി സാമ്യമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതേത്തുടര്‍ന്നാണ് ജിത്തു ഒരു പരസ്യപ്രതികരണത്തിന് തയ്യാറായത്. പല സിനിമകളും കുറ്റകൃത്യങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ടെന്നു പറയാറുണ്ടെങ്കിലും മൂന്നുവര്‍ഷം മുമ്പ് മാത്രം പുറത്തിറങ്ങിയ ദൃശ്യം എട്ടു വര്‍ഷം മുമ്പു നടന്ന കൊലപാതകത്തിന് പ്രചോദനമായെന്ന് ഒരു കാരണവശാലും പറയാനാകില്ലെന്നും ജിത്തു വ്യക്തമാക്കി.
കള്ളനോട്ട് കേസില്‍ പിടിയിലായ ടി.വി പുരം സ്വദേശി അനീഷാണ് മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് പൊലീസിനോട് സമ്മതിച്ചത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെ ഇരുനില കെട്ടിടത്തിന്റെ അടിത്തറ പൊളിച്ച് പൊലീസ് ഇപ്പോള്‍ പരിശോധിക്കുകയാണ്. മാത്യുവിനെ എട്ടുവര്‍ഷം മുന്‍പ് കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് ഇന്ന് മൂന്നുനില കെട്ടിടമാണ്. ഇവിടെ പ്രതിയെ എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. പോലീസിന്റെ തിരച്ചിലില്‍ ഇതുവരെ ഒന്നും കണ്ടെത്താനുമായിട്ടില്ല.