കൊച്ചി: വടക്കൻ പറവൂരിൽ പൊള്ളലേറ്റു മരിച്ച വിസ്മയയുടെ സഹോദരി ജിത്തുവിനെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ്. ഒളിവിൽ പോയ ജിത്തുവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
വിസ്മയയുടെ മൊബൈല്‍ ഫോണുമായാണ് ജിത്തു ഒളിവില്‍ പോയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ജിത്തുവിന്റെ പ്രണയത്തെ വിസ്മയ എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. കൂടാതെ വീട്ടുകാരെയും ജിത്തു ഉപദ്രവിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
അതേസമയം, വിസ്മയയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണ കാരണം പൊള്ളലേറ്റന്നാണ് പ്രാഥമിക നിഗമനം.
വടക്കൻ പറവൂർ പെരുവാരം പ്രസാദത്തിൽ ശിവാനന്ദന്റെ വീട്ടിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീ ഉയരുന്നത് അയൽവാസികൾ കണ്ടത്.
മുൻഭാഗത്തെ മുറി പൂർണമായും കത്തിനശിച്ചിരുന്നു. അതിനുള്ളിലാണ് തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ മൃതദേഹം കണ്ടത്.
മാലയുടെ ലോക്കറ്റും മാതാപിതാക്കളുടെ മൊഴിയും അടിസ്ഥാനപ്പെടുത്തിയാണ് മരിച്ചത് മൂത്ത മകൾ വിസ്മയ ആണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.
വീടിന്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികള്‍ കണ്ടതാണ് മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്.
യുവതികള്‍ തമ്മില്‍ പിടിവലി നടന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതില്‍ വ്യക്തത വേണമെങ്കില്‍ ജിത്തുവിനെ കണ്ടെത്തേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്.