മുംബൈ: ബോളിവുഡ് നടി ജിയാ ഖാൻ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് സൂരജ് പഞ്ചോളിക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. മുംബൈയിലെ സെഷൻസ് കോടതിയാണ് കുറ്റം ചുമത്തിയത്. താൻ തെറ്റുകാരനല്ലെന്ന സൂരജിന്റെ വാദം കോടതി തള്ളി. നടൻ ആദിത്യ പഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി.
2013 ജൂണ്‍ 13നാണ് ജിയാ ഖാനെ മുംബൈയിലെ ജൂഹുവിലുള്ള അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിയയുടെ മരണത്തെ തുടർന്ന് കാമുകനായ സൂരജ് പാഞ്ചോളിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിൽ ജിയാ ഖാൻ ജീവനൊടുക്കിയതു തന്നെയെന്നു കണ്ടെത്തി. ജിയയുടെ കാമുകനായിരുന്ന സൂരജ് പഞ്ചോളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്നു സിബിഐ കുറ്റപത്രത്തിൽ ചൂണ്ടികാട്ടുന്നു.
കൊലപാതകമല്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ സൂരജ് പഞ്ചോളിക്കെതിരെ സിബിഐ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുകയായിരുന്നു. ജിയ ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് സൂരജുമായാണ് ഫോണിൽ സംസാരിച്ചത്. കേസിൽ സൂരജ് ഉൾപ്പെടെ 22 പ്രതികളാണ് ഉള്ളത്. ഇതിൽ ജിയക്ക് ഗർഭഛിത്രം നടത്തിയ ഡോക്ടർ, ജിയയുടെ ഫ്ളാറ്റിലെ വാച്ച്മാൻ, പഞ്ചോളിയുടെ വേലക്കാരൻ, സൂരജിന്റെ സുഹൃത്തുക്കൾ എന്നിവർ ഉൾപ്പെടുന്നു.