കാഞ്ഞിരപ്പള്ളി: സ്കൂൾ കെട്ടിടത്തിൽനിന്ന് വീണുമരിച്ച ജിയന്നമോളുടെ നീതിക്കായി നിയമപോരാട്ടവുമായി മാതാപിതാക്കൾ. ബംഗളൂരു ചെല്ലക്കരയിലെ ഡൽഹി പ്രീ സ്കൂളിൽനിന്നാണ് മണിമല കുറുപ്പൻപറന്പിൽ ജിറ്റോ ടോമി ജോസഫ് – ബിനിറ്റ ദന്പതികളുടെ നാലുവയസുകാരിയായ മകൾ ജിയന്ന ആൻ ജിറ്റോ കഴിഞ്ഞ ദിവസം മരണമടഞ്ഞത്.
കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുമുതൽ മാതാപിതാക്കൾ ആരോപിച്ചിരുന്നു. കുട്ടിയുടെ മരണത്തെത്തുടർന്ന് പ്രിൻസിപ്പൽ തോമസ് ചെറിയാൻ ഒളിവിൽ പോകുകയും തുടർന്ന് ഞായറാഴ്ച പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും വൈകുന്നേരം ജാമ്യം എടുത്ത് പോകുകയും ചെയ്തു.
സ്കൂളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും മാറ്റിയതായി മാതാപിതാക്കൾ പറഞ്ഞു. കുട്ടി വീണതിനെത്തുടർന്നുണ്ടായ രക്തക്കറകൾ സഹിതം തുടച്ചുമാറ്റിയതായും മാതാപിതാക്കൾ ആരോപിച്ചു.
കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് തങ്ങളെ വിവരം അറിയിച്ചത്. ആദ്യം കുട്ടി കളിച്ചുകൊണ്ടിരുന്നപ്പോൾ വീണെന്നാണ് പറഞ്ഞത്. എന്നാൽ, പോലീസും ഡോക്ടർമാരുമാണ് 22 അടിയോളം ഉയരത്തിൽനിന്നാണ് വീണതെന്ന് പറഞ്ഞത്.
അപ്പോൾ മുതൽ ദുരൂഹതയുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. സ്കൂളിലെ മറ്റു കുട്ടികളുടെ മാതാപിതാക്കൾ സംഭവത്തെക്കൂറിച്ച് സ്കൂളിൽ വിളിച്ചുചോദിച്ചപ്പോൾ സ്കൂൾ കോന്പൗണ്ടിന്റെ പുറത്താണ് സംഭവമുണ്ടായതെന്നും സ്കൂളിന് യാതൊരു ബന്ധവുമില്ലെന്നാണ് പറഞ്ഞത്.
സ്കൂൾ അധികൃതർ പറയുന്ന കള്ളകഥകൾ തങ്ങൾ വിശ്വസിക്കില്ലെന്നും മോൾക്ക് നീതി കിട്ടാൻ ഏതറ്റംവരെയും തങ്ങൾ പോകുമെന്നും ജിറ്റോയും ബിനിറ്റയും പറഞ്ഞു. സ്കൂളിലെ ആയമാരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കേസിന്റെ ഭാഗമായി സ്കൂൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
ജോജി പേഴത്തുവയലിൽ