റോബിൻ ജോർജ്
കൊച്ചി: സഹോദരിയുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ സഹായം അഭ്യർഥിച്ച് ശ്രദ്ധേയനായ ജിയാസ് മടശേരിക്ക് പറയാനുള്ളത് ഇത്രമാത്രം. വിശ്വാസം രക്ഷിച്ചു, അപ്പോൾ അങ്ങനെ ചെയ്യണമെന്ന് തോന്നി’. രക്താർബുദത്തോട് പൊരുതി എസ്എസ്എൽസിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാർഥിയെ അനുമോദിച്ചു മന്ത്രി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിനു താഴെയാണു ജിയാസ് ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവജാത ശിശുവിന് വൈദ്യസഹായം ലഭ്യമാക്കുന്നതിന് മന്ത്രിയുടെ സഹായമഭ്യർഥിച്ചത്. ‘
വേറെ ഒരു മാർഗവും ഇല്ലാത്തതുകൊണ്ടാണ് മെസേജ് അയയ്ക്കുന്നതെന്നുകാട്ടി തുടങ്ങുന്ന കുറിപ്പിൽ കുട്ടിയുടെ രോഗവിവരങ്ങളും തൽസ്ഥിതിയും വ്യക്തമാക്കിയിരുന്നു. എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമെന്നും ടീച്ചർ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്നുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ലെന്നും മന്ത്രിയിൽ ഒരു വിശ്വാസമുണ്ട്, അതുകൊണ്ടാണ് അവരെതന്നെ നേരിട്ട് വിളിച്ചതെന്നും ജിയാസ് വ്യക്തമാക്കുന്നു.
എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് കുഞ്ഞ് ജനിച്ചത്. പരിശോധനയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളതായി തിരിച്ചറിഞ്ഞു. ഉടൻതന്നെ പെരിന്തണ്ണൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു കുഞ്ഞിനെ മാറ്റി. അവിടെ നടത്തിയ പരിശോധനയിൽ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെയോ തിരുവനന്തപുരത്തെയോ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിർദേശമാണ് ലഭിച്ചത്.
കുഞ്ഞിനെ ആദ്യം എറണാകുളത്തെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനാണ് ആഗ്രഹിച്ചത്. എന്നാൽ അവിടെ ബെഡ് ഒഴിവില്ലെന്ന മറുപടി ലഭിച്ചു. ഇതേത്തുടർന്ന് എന്ത് ചെയ്യണമെന്ന് വിഷമവൃത്തത്തിലായ സമയത്താണ് മന്ത്രിയെത്തന്നെ വിവരമറിയിച്ചാലെന്തെന്ന് തോന്നിയത്. വൈകിട്ടോടെയാണ് ഇതുസംബന്ധിച്ച കുറിപ്പ് മന്ത്രിയുടെ ഫേസ്ബുക്കിൽ കുറിക്കുന്നത്. മിനിറ്റുകൾക്കകം ഇതിന് മറുപടിയുണ്ടായെന്നും വിശ്വാസം രക്ഷിച്ചെന്നും ജിയാസ് പറയുന്നു.
ആദ്യം മന്ത്രിയുടെ ഫോണിൽ നേരിട്ട് വിളിച്ചിരുന്നു. എന്നാൽ തിരക്കിലാണെന്നായിരുന്നു മറുപടി. പിന്നീടാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. അതിന് പിന്നാലെ തന്നെ മന്ത്രിയുടെ നന്പറിൽനിന്നു കോൾ വന്നു. പ്രൈവറ്റ് സെക്രട്ടറിയാണു വിളിച്ചത്. എന്താണ് കാര്യമെന്ന് ചോദിച്ചു. പിന്നീട് മന്ത്രി തന്നെ നേരിട്ട് വിളിച്ചു. ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രിയോട് കുഞ്ഞിന്റെ അവസ്ഥ സംബന്ധിച്ചും കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.
അതിനിടയിൽ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും വിളിച്ച് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിശദമായ വിലയിരുത്തലുകൾ നടത്തികൊണ്ടിരുന്നു. മന്ത്രി ഇടപെട്ട് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ചെലവെല്ലാം സർക്കാർ വഹിക്കുമെന്ന ഉറപ്പും ഇതിനോടകം ലഭിച്ചു കഴിഞ്ഞിരുന്നു.
എന്ത് കാര്യമുണ്ടെങ്കിലും മന്ത്രിയെ നേരിട്ട് വിളിക്കാൻ പറഞ്ഞതായും ഏറെക്കാലം വിദേശത്തായിരുന്ന ജിയാസ് വ്യക്തമാക്കുന്നു. മൂന്ന് ബന്ധുക്കൾക്കൊപ്പമാണ് ആംബുലൻസിൽ കുഞ്ഞിനെ ലിസി ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ വൈകിട്ടോടെ ലിസി ആശുപത്രിയിലെത്തിയ ജിയാസിന് വിവിധ തലങ്ങളിൽനിന്നാണ് അനുമോദനം ലഭിക്കുന്നത്.