ഇരിങ്ങാലക്കുട: കരസേനയിൽ ഗറില്ല സൈനികനും പോലീസിൽ എസ്ഐയുമായിരുന്ന മാപ്രാണം സ്വദേശി എടത്തിരുത്തിക്കാരൻ വീട്ടിൽ ജോണ്സൻ തന്റെ സന്പാദ്യം നിക്ഷേപിച്ചത് കരുവന്നൂർ സഹകരണ ബാങ്കിലാണ്.
രാജ്യത്തെയും ജനങ്ങളെയും 38 കൊല്ലം സേവിച്ച ജോൺസന് ഇപ്പോൾ ചികിത്സയ്ക്കു പണമില്ലാത്ത സ്ഥിതിയാണ്. ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിൽനിന്നു മരുന്നു വാങ്ങാനും ഇതിനുള്ള പണം നിക്ഷേപത്തിൽ നിന്നു കൊടുക്കാനുമാണു ലഭിച്ചിരിക്കുന്ന നിർദേശം.
രണ്ടു പെണ്മക്കളുടെ വിവാഹശേഷം ബാക്കിയായതും കുറിയിലൂടെ സ്വരൂപിച്ചതുമായ തുകയാണ് ബാങ്കിലുള്ളത്.
20 വർഷത്തെ സൈനിക സേവനത്തിൽ 18 വർഷവും കരസേനാധിപന്റെ സുരക്ഷാച്ചുമതലയുളള ഗറില്ല വിഭാഗത്തിലായിരുന്നു ജോണ്സൻ.
വിരമിക്കലിനു ശേഷം പോലീസിൽ കോണ്‍സ്റ്റബിളായി. 18 വർഷത്തിനുശേഷം വിരമിച്ചത് എസ്ഐയായി.
ഇതിനിടെ കാലുകൾക്കു സ്വാധീനം നഷ്ടപ്പെടുന്ന രോഗംബാധിച്ച് രണ്ടുവർഷം മുന്‍പു കിടപ്പിലായി. കേരളത്തിൽ ഇതിനുള്ള വിദഗ്ധ ചികിത്സയില്ല.
എറണാകുളത്തെ സ്വകാര്യ ആശുപത്രിവഴി വിദേശത്തുനിന്നു മരുന്നുകൾ വരുത്തിയായിരുന്നു ചികിത്സ. വലിയ ചെലവ് ഇതിനു വേണ്ടിവന്നു. ഇപ്പോൾ നടന്നു തുടങ്ങിയെങ്കിലും ചികിത്സ തുടരുകയാണ്.
ബാങ്കിലെ പണം ആവശ്യപ്പെട്ട് കളക്ടർക്കുൾപ്പെടെ കത്തു നൽകി. ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിൽനിന്നു മരുന്നു വാങ്ങുന്നതിന് ഈ തുക ബാങ്കിലെ നിക്ഷേപത്തിൽനിന്ന് എടുക്കാൻ കളക്ടർ നിർദേശിക്കുകയായിരുന്നു.
ഇതുപ്രകാരം നിക്ഷേപത്തുകയിൽനിന്ന് മാസംതോറും മരുന്നു വാങ്ങുകയാണ് ജോണ്സൻ. എഴുത്തുകാരൻ കൂടിയായ ജോണ്‍സന്റെ പല കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.