കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിനെക്കുറിച്ചു മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർക്ക് അറിയാമെന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്തു വന്നതോടെ സർക്കാരും ഇടതു മുന്നണിയും പ്രതിസന്ധിയുടെ പടുകുഴിയിൽ.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറിഞ്ഞാണു നടന്നിരുന്നതെന്ന സ്വപ്നയുടെ മൊഴിയും മുഖ്യമന്ത്രിയുടെ ഓഫീസിനെ മൊത്തത്തിൽ സാന്പത്തിക ആരോപണത്തിന്റെ സംശയ മുനയിലാക്കി.
തദ്ദേശ തെരഞ്ഞെടുപ്പു പടിവാതിലിൽ എത്തി നിൽക്കേ ആരോപണത്തിൽ നിന്നു കരകയറാൻ സർക്കാരിനും സിപിഎമ്മിനും ഏറെ വിയർക്കേണ്ടിവരും. രാഷ്ട്രീയമായി പ്രതിരോധിക്കുമെന്ന മറുപടി മാത്രമാണു സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിനും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനുമെതിരേ ഉയർന്ന കേസുകളിൽ മന്ത്രിമാരെയടക്കം രംഗത്തിറക്കി പ്രതിരോധം തീർക്കാനിരിക്കയാണു സ്വപ്ന യുടെ മൊഴി പുറത്തായത്.
ഇതോടെ പ്രതിപക്ഷത്തിനും ബിജെപിക്കും സർക്കാരിനെതിരേ ആയുധങ്ങൾ ഏറെയായി. എൻഐഎ അന്വേഷണഘട്ടത്തിൽ മടിയിൽ കനമുള്ളവനു മാത്രമേ ഭയക്കേണ്ടതുള്ളുവെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
അന്നു മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ സാന്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട മൊഴികളോ തെളിവുകളോ ലഭിച്ചിരുന്നില്ല. സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കായിരുന്നു മുഖ്യമന്ത്രി മറുപടി പറയേണ്ടി വന്നത്.
ഇപ്പോൾ, ചിത്രം മാറി. സ്വപ്ന സുരേഷ് തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരേ രംഗത്തു വന്നപ്പോൾ, ഓഫീസ് അപ്പാടെ ആരോപണത്തിന്റെ പുകമറയിലായി.
സോളാർ കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസുമായി എൽഡിഎഫ് സർക്കാരിനെ താരതമ്യം ചെയ്യേണ്ടതില്ലെന്നായിരുന്നു പിണറായി വിജയൻ ആവർത്തിച്ചിരു ന്നത്.
എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേരിലേക്കു വിരൽ ചൂണ്ടി മൊഴികൾ പുറത്തു വരുന്പോൾ, മുഖ്യമന്ത്രിയുടെ മുൻപുള്ള പരാമർശങ്ങൾ പച്ചക്കള്ളമായിരുന്നുവെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി നടന്ന അധോലോക ഇടപാടുകളുടെ സംക്ഷിപ്ത രൂപമാണ് ഇഡിയുടെ സത്യവാങ്മൂലത്തിലൂടെ പുറത്തു വരുന്നതെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ആർക്കൊക്കെ ബന്ധമുണ്ടെന്ന വ്യക്തമായ പേരുകൾ കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര വനിതാ ജയിലിൽ നടത്തിയ ചോദ്യം ചെയ്യലിൽ സ്വപ്ന വ്യക്തമാക്കിയിട്ടുണ്ടെന്നാണു വിവരം.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാനായി ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, രവീന്ദ്രൻ കോവിഡ് ബാധിതനായതിനാൽ ചോദ്യം ചെയ്യാനായില്ല.
രവീന്ദ്രന്റെ ജീവനു ഭീഷണിയുണ്ടെന്നും ഇപ്പോൾ എവിടെയുണ്ടെന്ന് ആർക്കും അറിയില്ലെന്നും ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രംഗത്തെത്തി.