പി. ജയകൃഷ്ണന്
കണ്ണൂര്‍: വായ്പകളില്‍ കൃത്രിമം കാണിച്ചും സാമ്പത്തിക തിരിമറി നടത്തിയും വളപട്ടണം സര്‍വീസ് സഹകരണ ബാങ്കിന് 6,11, 70,000 രൂപ നഷ്ടം വരുത്തിയ കേസിലെ ആദ്യ കുറ്റപത്രത്തിൽ തലശേരി വിജിലൻസ് കോടതി ഈ മാസം 30 ന് വിധി പറയും.
കണ്ണൂർ ഡിവൈഎസ്പിമാരായിരുന്ന ജെ. സന്തോഷ്, പി.പി. സദാനന്ദൻ എന്നിവർ അന്വേഷിക്കുകയും പിന്നീട് വന്ന ഡിവൈഎസ്പി മൊയ്തീന്‍കുട്ടി കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസിന്റെ വിധിക്കായി കേരളം കാതോർക്കുകയാണ്.
തൃശൂരിലെ കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് അടക്കം സജീവ ചർച്ചയാകുന്നതിനിടെയാണ് മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലായിരുന്ന വളപട്ടണം സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച വിധി പുറത്തുവരാനിരിക്കുന്നത്.
നിലവിൽ 26 കുറ്റാരോപിതര്‍ ഉള്‍പ്പെട്ട വളപട്ടണം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അഞ്ചുപേര്‍ക്കെതിരേയാണ് ആദ്യ കുറ്റപത്രം.
ബാങ്ക് മന്ന ശാഖ മാനേജര്‍ ഇന്‍ ചാര്‍ജായിരുന്ന താളിക്കാവ് സ്വദേശി കെ.പി. മുഹമ്മദ് ജസീല്‍ (47), ബാങ്ക് സെക്രട്ടറിയായിരുന്ന അലവില്‍ കയരളം കൂപ്പാട് സ്വദേശി എന്‍.പി. ഹംസ (51), ബാങ്ക് മുന്‍ ഭരണസമിതി പ്രസിഡന്റും മുസ്ലീംലീഗ് മുന്‍ അഴിക്കോട് മണ്ഡലം പ്രസിഡന്റുമായ വളപട്ടണം മിൽമ റോഡിലെ ടി. സെയ്ഫുദ്ദീന്‍ (70),
ബാങ്കിലെ ചീഫ് അക്കൗണ്ടന്റ് അഞ്ചാംപീടിക ചിറക്കുറ്റിയിലെ കെ.വി. സനിത കുമാരി (54), അസിസ്റ്റന്റ് സെക്രട്ടറി അഴീക്കോട് ചെമ്മരശേരിപാറയിലെ പി.വി. നിഷാകുമാരി (52) എന്നിവര്‍ക്കെതിരേയുള്ള കുറ്റപത്രമാണ് ആദ്യം സമര്‍പ്പിച്ചത്.
അന്വേഷണ സമയത്ത് ദുബൈയിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി ജസീലിനെ അന്നത്തെ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ ഇന്റർപോളിന്റെ സഹായത്തോടെയാണ് നാട്ടിൽ എത്തിച്ചത്.
250 പേജുള്ള കുറ്റപത്രത്തില്‍ ഔദ്യോഗിക സ്ഥാനത്തിരുന്ന് ബാങ്കിനെ ചതിച്ച് വിശ്വാസ വഞ്ചന നടത്തല്‍, വ്യജ രേഖ ചമയ്ക്കല്‍, അക്കൗണ്ടില്‍ കൃത്രിമം കാണിക്കല്‍, വ്യാജരേഖ ചമച്ച് ഒറിജിനലായി ഉപയോഗിക്കൽ, ഔദ്യോഗിക സ്ഥാനത്തിരുന്ന് അഴിമതി നടത്തല്‍, തെളിവ് നശിപ്പിക്കൽ,
ഗൂഢാലോചന തുടങ്ങി ഐപിസിയിലെ 409, 420, 468, 471, 465, 477 (A), 201, 120 (B), 109 എന്നീ വകുപ്പുകളും, അഴിമതി നിരോധന നിയമത്തിലെ 13 (1 സി) എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.