സ്ത്രീ എന്ന വിശേഷണത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സ്ത്രീകളെ ഒഴിവാക്കിയ യുകെ സുപ്രീംകോടതിയുടെ വിധിയിൽ സന്തോഷം പ്രകടനവുമായി എഴുത്തുകാരി ജെ. കെ. റൗളിംഗ്. സ്ത്രീ എന്നതിന്റെ നിയമപരമായ നിര്‍വചനം ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് സ്റ്റിസ് പാട്രിക് ഹോഡ്ജ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബുധനാഴ്ച ഏകകണ്ഠമായി വിധിച്ചത്.
വിധിയിൽ സന്തോഷിച്ച് റൗളിംഗ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. എ ടീം എന്ന യുഎസ് സീരീസിലെ വിഖ്യാതമായ ഡയലോഗായ I Love it When a Plan Comes Together എന്ന ഡയലോഗ് കുറിച്ചുകൊണ്ടാണ് റൗളിംഗ് ഫോട്ടോ പങ്കുവച്ചത്. ചുണ്ടിൽ പുകയുന്ന സിഗരറ്റും കൈയിൽ ഒരു ഗ്ലാസ് മദ്യവുമായി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഇതിനകം ധാരാളം കമന്റുകളും ലൈക്കുകളുമാണ് ലഭിച്ചത്.
അതേസമയം, ട്രാന്‍സ് വിരുദ്ധ പരാമർശത്തിന്റെ പേരില്‍ ഇതിനുമുൻപും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വിധേയ ആയിട്ടുണ്ട് റൗളിംഗ്. 2022ല്‍ ആര്‍ത്തവ ശുചിത്വം സംബന്ധിച്ച ലേഖനത്തിന്റെ തലക്കെട്ടില്‍ ‘പീപ്പിള്‍ ഹൂ മെന്‍സ്ട്രുവേറ്റ്’ (ആര്‍ത്തവമുള്ള ആളുകള്‍) എന്ന പ്രയോഗത്തെ വിമര്‍ശിച്ച് ആരാധകരുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
വനിതാ കായിക മത്സരങ്ങളില്‍ ട്രാന്‍സ് വിഭാഗത്തില്‍പ്പെടുന്നവരെ ഉള്‍പ്പെടുത്തുന്നതില്‍ റൗളിംഗ് രംഗത്ത് വന്നതും വിവാദമായിരുന്നു. ട്രാന്‍സ് വിമണ്‍ വിഭാഗത്തിലുള്ളവരുടെ കായികക്ഷമത സ്ത്രീകളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും ഇത് അനീതിയാണെന്നുമാണ് ജെ.കെ റൗളിംഗ് പറഞ്ഞത്.