ഒറ്റപ്പാലം: നാടിനെ നടുക്കിയ കടന്പഴിപ്പുറം ഇരട്ട കൊലപാതകം നടന്ന് നാലുവർഷം. പോലീസിനു പിറകേ കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും പ്രതികളെ കണ്ടെത്താനാവാതെ ഇരുട്ടിൽ തപ്പുന്നതിനിടെ നാലാം വാർഷിക ദിനത്തിൽ ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.
കടന്പഴിപ്പുറം കണ്ണകുറുശി ചീരാപ്പത്ത് വടക്കേക്കര ഗോപാലകൃഷ്ണൻ (62), ഭാര്യ തങ്കമണി (52) എന്നിവരാണ് കൊല്ലപ്പെട്ടത്.
നാലാംവാർഷികമായ ഈമാസം 15നാണ് പ്രതിഷേധ പരിപാടി. കൊലപാതകം നടന്ന കണ്ണുകുറിശി ചീരപ്പത്ത് വീട്ടിൽനിന്ന് കടന്പഴിപ്പുറം ആശുപത്രി പരിസരംവരെ ജനകീയ ബൈക്ക് റാലി സംഘടിപ്പിക്കും. തുടർന്ന് കടന്പഴിപ്പുറം ജംഗ്ഷനിൽ പ്രതിഷേധസംഗമവും ഒരുക്കും.
വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രമുഖർ പങ്കെടുക്കും.
നാലുവർഷമായിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാണ് ആക്ഷൻ കൗണ്‍സിലിന്റെ ആവശ്യം.
2016 നവംബർ 15-നാണ് വൃദ്ധദന്പതികളെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം.
മക്കൾ വിദേശത്തും ചെന്നൈയിലും ജോലിയിലായതിനാൽ ഇവർ മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. രണ്ട് മൃതദേഹങ്ങളും കിടപ്പുമുറിയിലെ കട്ടിലിനുസമീപം തറയിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു.
തങ്കമണിക്കു തലയുടെ പിൻഭാഗത്തും ചെവിക്കു മുകളിലും ആഴത്തിൽ വെട്ടേറ്റിരുന്നു. നെഞ്ചിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മാരകമായി കുത്തിപരിക്കേല്പിക്കുകയും ചെയ്തിരുന്നു.
ഗോപാലകൃഷ്ണന്റെ മുഖം വെട്ടേറ്റ് വികൃതമായതിനു പുറമേ ചുണ്ട് ചേർത്ത് മുഖത്തും ചെവിയിലും വെട്ടേറ്റിരുന്നു. മുതുകിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേല്പിച്ചിരുന്നു. മുറിയിൽ രക്തം തളംകെട്ടി കിടന്നിരുന്നു.
പുലർച്ചെ റബർ ടാപ്പിംഗിന് എത്തിയയാൾ വീടുപുറത്തുനിന്ന് പൂട്ടിയനിലയിൽ കണ്ടെത്തി. പുറത്ത് സ്ഥിരമായി വയ്ക്കാറുണ്ടായിരുന്ന സ്ഥലത്ത് ടാപ്പിംഗ് ഉപകരണങ്ങളും ഇയാൾ കണ്ടില്ല.
വീടിനുള്ളിൽനിന്ന് ഞരക്കംകേട്ടതോടെ അകത്തുകയറി പരിശോധിച്ചപ്പോഴാണ് കൃത്യം പുറംലോകം അറിഞ്ഞത്. അടുക്കളഭാഗത്തെ ഓടിളക്കി മാറ്റിയാണ് കൃത്യം നടത്തിയവർ അകത്ത് പ്രവേശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
മോഷണശ്രമത്തിനിടെയൊണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നത്. തങ്കമണിയുടെ സ്വർണമാല കാണാതാവുകയും കിടപ്പുമുറിയിലെ അലമാര തുറന്നുകിടക്കുന്ന സ്ഥിതിയിലുമായിരുന്നു.
ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും വിരലടയാള രാസപരിശോധന വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
വീടിനു മുൻവശത്തെ കിണറ്റിൽനിന്ന് മൂർച്ചയേറിയ ആയുധം പോലീസ് കണ്ടെടുത്തിരുന്നു. എന്നാൽ പ്രതികളെക്കുറിച്ച് പോലീസിന് ഒരു വിവരവും ലഭിച്ചില്ല.
രണ്ടുവർഷം കഴിഞ്ഞപ്പോൾ പ്രതികളെ കണ്ടെത്താനാകാതെ വന്നതോടെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളെ പിടികൂടാൻ ലോക്കൽ പോലീസിന് കഴിയില്ലെന്നും ജനങ്ങളിൽനിന്നും പ്രതിഷേധം ഉയർന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
തുടർന്നു ക്രൈംബ്രാഞ്ച് അന്വേഷണം ഒന്നരവർഷം പിന്നിടുന്പോഴും പ്രതികളെക്കുറിച്ച് നേരിയ സൂചനപോലും അന്വേഷണസംഘത്തിന് ലഭിക്കാത്ത സ്ഥിതിയാണ്.
ഇതേ തുടർന്നാണ് കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊലപാതകം നടന്ന നാലാം വാർഷികത്തിൽ ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.