കലിഫോർണിയ: ലോകം കാത്തിരുന്ന നറുക്കെടുപ്പിൽ ഇന്നലെയും അമേരിക്കൻ മെഗാ മില്യൺസ് ജാക്പോട്ടിന് ഭാഗ്യവാനെ കണ്ടെത്താനായില്ല. ഫലമോ, ജാക്പോട്ടുകളുടെ ലോകചരിത്രം തിരുത്തി ഞെട്ടിക്കുന്ന സമ്മാനത്തുകയിലേക്ക് മെഗാ മില്യൺസ് ലോട്ടറി കുതിച്ചു. ഇന്നലെയും ആർക്കും നറുക്കുവീഴാതിരുന്നതോടെയാണ് സമ്മാനത്തുക റോക്കറ്റ് പോലെ മുകളിലേക്കു കുതിച്ചത്. ഒാരോ നറുക്കെടുപ്പിലും ഭാഗ്യവാനെ കണ്ടെത്തിയില്ലെങ്കിൽ സമ്മാനത്തുക ഉയരുന്നതാണ് അമേരിക്കൻ ജാക്പോട്ടുകളുടെ പൊതുരീതി.
97 കോടി ഡോളർ (7,120 കോടി രൂപ) ആയിരുന്നു ലോട്ടറിയുടെ ഇന്നലെത്തെ സമ്മാനത്തുക. എന്നാൽ, ജോർജിയയിൽ നടന്ന നറുക്കെടുപ്പിൽ ഭാഗ്യവാനെ കണ്ടെത്താനാവാതെ വന്നതോടെ സമ്മാനത്തുക വീണ്ടും കുതിച്ചു. 160 കോടി ഡോളർ (1.6 ബില്യൺ ഡോളർ)ആയിട്ടാണ് സമ്മാനത്തുക വർധിച്ചത്. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 12,000 കോടി രൂപ വരും.
ഭാഗ്യശാലിയെ കണ്ടെത്തുന്നതുവരെ ആഴ്ചയിൽ രണ്ടു തവണ നറുക്കെടുപ്പ് നടന്നുകൊണ്ടിരിക്കും. സമ്മാനത്തുകയും അതിനനുസരിച്ചു വർധിക്കും. 2016 ജനുവരി 13ന് നറുക്കെടുത്ത പവർ ബോൾ എന്ന ലോട്ടറിക്കാണ് ഏറ്റവും വലിയ തുക എന്ന റിക്കാർഡ്.
അതു മൂന്നു പേർക്കായി സമ്മാനം വീതംവച്ചുപോയി. 150 കോടി ഡോളർ ആയിരുന്നു അതിന്റെ സമ്മാനത്തുക. സമ്മാനത്തുക വർധിച്ചതോടെ ഭ്രാന്തമായ ആവേശത്തോടെ ആളുകൾ ലോട്ടറി വാങ്ങിക്കൂട്ടുകയാണ്. ഇതു സമ്മാനത്തുകയും കൂട്ടും. അമേരിക്കയിലെ അന്പതു സ്റ്റേറ്റുകളിൽ 46 സ്റ്റേറ്റുകൾ ചേർന്നു നടത്തുന്ന ലോട്ടറിയാണ് മെഗാ മില്യ ൺസ് ജാക്പോട്ട്.